കോഴിക്കോട്: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മറ്റൊരു ബസിൽ നിന്നിറങ്ങിയ യാത്രക്കാരിയെ ഇടിച്ചിടുന്ന വിധത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു. ചിന്നൂസ് ബസിന്‍റെ ഡ്രൈവര്‍ വടകര സ്വദേശി ബൈജുവിന്‍റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ മറ്റൊരു ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരി തലനാരിഴക്ക് രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്‌റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്.
ഇടത് വശത്ത് കൂടെ ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് ബസുകൾക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയതായി എംവിഡി അറിയിച്ചു. റോഡിന്‍റെ അരികിലേക്ക് മാറ്റി നിർത്താതെ യാത്രക്കാരെ അലക്ഷ്യമായി നടുറോഡിൽ ഇറക്കിയതിനാണ് രണ്ടാമത്തെ ബസിനെതിരെ നടപടിയെടുക്കുക.