കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ നിന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിട്ടുനിൽക്കുന്നതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. എല്ലാവരും പാർട്ടിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ക്ഷണിക്കപ്പെട്ടല്ല വന്നത്, പാർട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്തം വഹിക്കുന്നത് കൊണ്ട് എത്തിയതാണ്. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല. മറ്റിടങ്ങളിലും സെമിനാർ ഉണ്ട്.
എല്ലാവരും എല്ലായിടത്തും പങ്കെടുക്കണം എന്ന് നിർബന്ധം ഇല്ല. ജയരാജന് മറ്റു സംഘടനാപരമായ തിരക്കുകൾ ഉണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ ജോർജ് എം തോമസിനെതിരെ നടപടി ഉണ്ടോ എന്ന ചോദ്യത്തിന്, സംഘടനപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ താത്‌പര്യപ്പെടുന്നില്ലെന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.
കോഴിക്കോട് ട്രേഡ് സെന്‍ററിലാണ് ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ നടക്കുന്നത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൂടിയായ ഇപി ജയരാജന്‍ തിരുവനന്തപുരത്താണ് ഉള്ളത്. പാര്‍ട്ടി യുവജന സംഘടനയായ ഡിവൈഎഫ്‌ഐ നിര്‍മിച്ചുനല്‍കിയ 'സ്നേഹവീട്' പദ്ധതിയുടെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇപി ജയരാജന്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.
എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം നേതൃത്വവുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്ത നേതാവാണ് ഇപി ജയരാജന്‍. ചികിത്സ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നുള്‍പ്പടെ അദ്ദേഹം മാറി നിന്നിരുന്നു. നേരത്തെ, എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ തുടക്കത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നില്ല.
അന്ന് ഇതിനെച്ചൊല്ലി വിവാദവുമുണ്ടായി. പിന്നാലെ അദ്ദേഹം ജാഥയില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് സിപിഎം സെമിനാറില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുന്നത്.
അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇപി ജയരാജന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനറെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ രംഗത്തെത്തിയിരുന്നു. ഇപിക്ക് ഇല്ലാത്ത വേവലാതി എന്തിനാണ് മാധ്യമങ്ങള്‍ക്കെന്ന് അദ്ദേഹം ചോദിച്ചു.
വിഷയത്തില്‍ ഇപി ജയരാജന് ഒരു തരത്തിലുമുള്ള അസംതൃപ്‌തിയില്ല. ഫാസിസത്തെ എതിര്‍ക്കുന്നതിനാണ് ഇങ്ങനെയൊരു സെമിനാര്‍. അതിന്‍റെ മഹിമ കെടുത്താനാണ് മാധ്യമങ്ങളുടെ ശ്രമം. എല്ലാ അഭിപ്രായ വ്യത്യാസവും ചേരിതിരിവും മറന്നാണ് സംഘടനകൾ സെമിനാറില്‍ പങ്കെടുക്കുന്നത്. സിപിഎമ്മോ ഇടതുമുന്നണിയോ സർക്കാരോ എന്തെങ്കിലും നല്ല കാര്യം രൂപപ്പെടുത്തുമ്പോൾ അതിനെ മാന്തിപ്പുണ്ണാക്കുന്ന പരിപാടി മാധ്യമങ്ങൾക്ക് ഉണ്ടെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.
Also Read : CPM Seminar| ഇപി ജയരാജൻ സിപിഎം സെമിനാറിനില്ല, പങ്കെടുക്കുന്നത് ഡിവൈഎഫ്‌ഐ പരിപാടിയില്‍