കോഴിക്കോട് : ഏകീകൃത സിവിൽ കോഡിനെതിരായ പ്രതിഷേധ പരിപാടികളുടെ ഭാവി തീരുമാനിക്കാൻ മതസംഘടനകളുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്. മുസ്ലിം സൗഹൃദ വേദിയിൽ ഉൾപ്പെട്ട സംഘടനകളാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ (04.07.23) കോഴിക്കോട് വച്ചാണ് യോഗം ചേരുക.
അതേസമയം, യുസിസിക്കെതിരെ സിപിഎം കോഴിക്കോട് വിളിച്ച് ചേർക്കാൻ തീരുമാനിച്ച കൂട്ടായ്‌മയിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. സിപിഎമ്മിൻ്റെ ക്ഷണത്തിൽ ഒരു വ്യക്തതയില്ലെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഇടിവി ഭാരതിനോട് പ്രതികരിച്ചത്.
'ഗോവിന്ദൻ മാഷിൻ്റെ പ്രതികരണത്തിൽ ഒരു വ്യക്തതയില്ല. കാര്യങ്ങൾ വ്യക്തമാക്കി അവർ സമീപിക്കട്ടെ. അപ്പോൾ തീരുമാനം അറിയിക്കും. ഇതൊരു ദേശീയ പ്രശ്‌നമാണ്. അതുകൊണ്ട് വലിയൊരു കൂട്ടായ്‌മയാണ് വേണ്ടത്. ലീഗ് തന്നെ അതിന് നേതൃത്വം നൽകണം എന്ന് വാശി പിടിക്കുന്നില്ല'- സലാം ഇടിവി ഭാരതിനോട് പറഞ്ഞു.
ഒരു മുഴം മുന്നേ സിപിഎം: അതേസമയം, നാളെ ചേരുന്ന മതസംഘടനകളുടെ യോഗത്തിലെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും ലീഗ് തുടർ പരിപാടികൾ തീരുമാനിക്കുക. ലീഗും മറ്റ് സംഘടനകളും ഒരു പ്രതിഷേധ കൂട്ടായ്‌മക്ക് തീരുമാനമെടുക്കും മുമ്പ് സിപിഎം കൂട്ടായ്‌മ പ്രഖ്യാപിച്ചത് ലീഗിനെ അങ്കലാപ്പിൽ ആക്കിയിരിക്കുകയാണ്. അതും മുസ്ലിം ജനവിഭാഗത്തിന് വലിയ സ്വാധീനമുള്ള കോഴിക്കോട്.
ഒരു ദേശീയ പ്രശ്‌നത്തിൻ്റെ പേരിൽ സിപിഎമ്മിനോട് സഹകരിച്ചാൽ സമസ്‌തയിൽ നിന്നുള്ള വോട്ട് തിരിഞ്ഞ് കുത്തുമോ എന്നാണ് ലീഗ് ചിന്തിക്കുന്നത്. ഇനിയും നിലപാടറിയിക്കാത്ത കോൺഗ്രസിനെക്കാൾ നല്ലത് സിപിഎം ആണെന്ന ചിന്ത മുസ്ലിം ജനവിഭാഗം കൈക്കൊണ്ടാൽ അത് ലീഗിന് കനത്ത തിരിച്ചടിയാകും.
കേന്ദ്ര സർക്കാർ തീരുമാനം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ : ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനമെന്നായിരുന്നു വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം. സിപിഎം യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ഇന്ത്യയുടെ ബഹുസ്വരത എന്ന ആശയം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമമെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
സമസ്‌ത അടക്കമുള്ള സംഘടനകളെ സിപിഎം പ്രതിഷേധത്തിലേക്ക് ക്ഷണിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മുസ്‌ലിം ലീഗിനെയും ഇന്ത്യയെ സ്നേഹിക്കുന്ന ഏവരെയും എം വി ഗോവിന്ദൻ ഈ പ്രതിഷേധത്തിലേക്ക് സ്വാഗതം ചെയ്‌തു. പ്രതിഷേധത്തിന്‍റെ ഭാഗമായി കോഴിക്കോട് പ്രത്യേക സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
More read : ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം; സമസ്‌ത അടക്കമുള്ള സംഘടനകളെ ക്ഷണിക്കും
വിഷയത്തിൽ പ്രതികരിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി : ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ രാജ്യത്തിന്‍റെ വൈവിധ്യം തകരുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവിയും പ്രതികരിച്ചിരുന്നു. ഏക സിവിൽ കോഡ് ഭരണഘടന ലംഘനമാണെന്നും ഇത് രാജ്യത്ത് ഉചിതമല്ലെന്നും ബലിപെരുന്നാളിനോടനുബന്ധിച്ച് നടന്ന ഈദ് ഗാഹിൽ അദ്ദേഹം അറിയിച്ചു. ഏക സിവിൽ കോഡ് രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയാകുമെന്നും ഇതിനെ ഒരുമിച്ച് നിന്ന് ഗൗരവത്തിൽ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.