കോഴിക്കോട് : 'ഹരിത' പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്‌ദുൾ വഹാബ് എന്നിവർക്കെതിരെയാണ് കേസ്.
ലൈംഗിക ചുവയോടെ സംസാരിച്ചതിന് 354എ വകുപ്പ് ചേർത്താണ് എഫ്ഐആര്‍. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ലൈംഗികാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ നിരത്തിയാണ് ഹരിത നേതാക്കൾ വനിത കമ്മിഷന് പരാതി നൽകിയത്.
വനിത കമ്മിഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറി. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് പൊലീസിന് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
ആദ്യം ലീഗ് നേതൃത്വത്തിനായിരുന്നു ഹരിത നേതാക്കൾ പരാതി നൽകിയത്. എന്നാൽ പരാതി നേതൃത്വം അവഗണിച്ചതോടെയാണ് വനിത കമ്മിഷനെ സമീപിച്ചത്.
Also Read: 'ഹരിത'യ്‌ക്കെതിരെ നടപടിയുമായി ലീഗ് ; സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു
അതേസമയം, ലീഗ് നേതൃത്വം അന്ത്യശാസനം നൽകിയിട്ടും വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാത്തതിനാൽ ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മുസ്‌ലിം ലീഗ് മരവിപ്പിച്ചിട്ടുണ്ട്.
ഹരിത നേതാക്കളുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.