കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ മരണത്തിൽ പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കൊല്ലപ്പെട്ട രാജനെ അടുത്തറിയുന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജന്‍റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. രാജന്‍റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു. ശനിയാഴ്ച രാത്രിയാണ്(ഡിസംബര്‍ 24) രാജനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കടയുടമ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സാഹചര്യ തെളിവുകൾ കൂടി പരിശോധിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.
രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജൻ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കൾ അന്വേഷിച്ച് കടയിൽ എത്തുകയായിരുന്നു. ഈ സമയത്ത് കടക്കുള്ളിൽ മരിച്ച നിലയിലായിരുന്നു രാജൻ. രാജന്റെ മുഖത്ത് മർദനമേറ്റ പാട് ഉണ്ടായിരുന്നു. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
രാജന്‍റെ മൂന്ന് പവനോളം വരുന്ന സ്വർണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാജൻ രാത്രി ഒമ്പത് മണിക്കു ശേഷം ബൈക്കിൽ കടയിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുണ്ട്.