കോഴിക്കോട് : മുക്കം മാങ്ങാപ്പൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ്, മുണ്ടുകൊണ്ട് മുഖം മൂടി പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്പൂർ സ്വദേശി അനൂപ് എന്നീ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ച (നവംബർ 17) ആയിരുന്നു മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ 'സിനിമാസ്റ്റൈല്‍' മോഷണം അരങ്ങേറിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ പെട്രോള്‍ അടിക്കാനെന്ന വ്യാജേന പമ്പിലെത്തിയ മൂന്ന് പേര്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. മാരുതി ആൾട്ടോ കാറിൽ എത്തിയ നാലംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് മോഷണം നടത്തിയത്.
സംഘം ആദ്യം പമ്പിൽ നിന്ന് 2010 രൂപയ്‌ക്ക് പെട്രോൾ അടിച്ചു. ശേഷം മൂന്ന് പേർ കാറിൽ നിന്നും പുറത്തിറങ്ങി ഒരാൾ ടോയ്‌ലറ്റിലേക്ക് പോവുകയും കാർ അരികിലേക്ക് മാറ്റി ഇടുകയും ചെയ്‌തു. ടോയ്‌ലറ്റിൽ പോയ ആൾ വന്നാൽ പെട്രോളിന്‍റെ പണം ഗൂഗിൾ പേ ചെയ്‌ത് തരാമെന്നാണ് പമ്പ് ജീവനക്കാരോട് ഇവർ പറഞ്ഞിരുന്നത്. പിന്നാലെ ടോയ്‌ലറ്റിൽ പോയ ആൾ തിരിച്ചെത്തി പമ്പ് ജീവനക്കാരനായ സുരേഷ് ബാബുവിന്‍റെ കണ്ണിൽ മുളക് പൊടി എറിയുകയും ഉടുമുണ്ട് ഊരി തലയിലൂടെയിട്ട് കൈയ്യിലുണ്ടായിരുന്ന 3200 രൂപ കൈക്കലാക്കുകയും ആയിരുന്നു.
സംഭവസമയത്ത് രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു പമ്പില്‍ ഉണ്ടായിരുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കവർച്ച നടത്തിയ ശേഷം സംഘം പമ്പിൽ നിന്നും ഓടിരക്ഷപ്പെടുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. പിന്നാലെ പമ്പ് ഉടമ പൊലീസിൽ പരാതി നൽകി.
തുടർന്ന് സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് പൊലീസ് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്. വയനാട് സ്വദേശിയായ ഒരാള്‍ കൂടി സംഭവത്തില്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംഘടന: അതേസമയം പെട്രോള്‍ പമ്പുകളില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് രംഗത്തെത്തിയിരുന്നു. രാത്രി കാലങ്ങളിൽ എല്ലാ പമ്പുകളും ഫുൾ ടൈം തുറന്ന് പ്രവർത്തിക്കാൻ പെട്രോളിയം കമ്പനികൾ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ വർധിക്കുന്നതെന്നും ഡീലേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നു.
പെട്രോളിയം കമ്പനികൾ വിൽപന കൂട്ടുന്നതിനായി 24 മണിക്കൂറും സേവനം നൽകണമെന്ന ആവശ്യം ഉയർത്തി ഡീലർമാരെ ഉപദ്രവിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അക്രമവും മോഷണവും വർധിച്ചതോടെ പെട്രോൾ പമ്പുകളിൽ ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണ്. അക്രമം വർധിച്ച സാഹചര്യത്തിൽ പെട്രോൾ പമ്പുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
READ MORE: മുഖത്ത് മുളകുപൊടിയിട്ട് മുണ്ടഴിച്ച് തലമറച്ച് പെട്രോൾ പമ്പിൽ കവർച്ച, എല്ലാം സിസിടിവിയിലുണ്ട്
ഇത് സംബന്ധിച്ച് സംസ്ഥാന ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. ആശുപത്രികളിൽ അക്രമം തടയാൻ പ്രത്യേക നിയമം കൊണ്ടുവന്ന പോലെ പെട്രോൾ പമ്പുകൾക്കും പ്രത്യേക നിയമം കൊണ്ടുവരണമെന്നും പമ്പ് ഉടമകൾ പറഞ്ഞു.