കോഴിക്കോട്: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയെ സി.പി.എമ്മിലെ പി.ടി.ബാബു നയിക്കും. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് ബാബു വിജയിച്ചത്. മുസ്ലീം ലീഗിലെ കൃഷ്‌ണൻ വടക്കയിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
33 അംഗ നഗരസഭ കൗൺസിലിൽ വിജയിക്കാൻ 17 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാൽ ബി ജെ പിയുടെ രണ്ടംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. സി.പി.എമ്മിലെ 15 അംഗങ്ങളും യു ഡി എഫ് വിമതൻ മുഹമ്മദ് അബ്‌ദുൽ മജീദും പി.ടി.ബാബുവിനെ പിന്തുണക്കുകയായിരുന്നു. യുഡിഎഫിലെ 11 അംഗങ്ങളുടേയും മൂന്ന് വെൽഫെയർ പാർട്ടി അംഗങ്ങളുടേയും പിന്തുണ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു. ഒരു വോട്ട് അസാധു ആയി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ചർച്ചയായ നഗരസഭയാണ് മുക്കം. തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി യുഡിഎഫ് സഖ്യം സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. സഖ്യത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വരികയും ചെയ്‌തിരുന്നു. എന്നാൽ കെ.മുരളീധരൻ, എം.എം. ഹസൻ തുടങ്ങിയവർ സഖ്യത്തിന് പച്ചക്കൊടി കാട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മത്സരിച്ച മൂന്ന് സീറ്റിലും വെൽഫെയർ പാർട്ടി വിജയിച്ചെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടായില്ലെന്ന ആക്ഷേപമുയർന്നിരുന്നു. അതിനൊപ്പം തന്നെ രണ്ടംഗങ്ങളുള്ള ബി ജെ പിയുടെ നിലപാടും നിർണ്ണായകമായിരുന്നു. മുക്കത്ത് പല ഡിവിഷനുകളിലും യു ഡി എഫ്, ബിജെപി വോട്ടു കച്ചവടം നടന്നതായി ഇടത് മുന്നണി ആരോപിച്ചിരുന്നു.