കോഴിക്കോട്: രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്‍റെ സംസ്കാരം ഇന്ന്. ജന്മനാടായ കല്‍പറ്റ പുളിയാര്‍മലയിലെ വീട്ടില്‍ വൈകിട്ട് അഞ്ച് മണിക്കാണ് ചടങ്ങുകള്‍. രാവിലെ 11 മണിക്ക് ശേഷം ഭൗതികദേഹം കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ നിന്ന് കല്‍പറ്റയിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ലോക്‌താന്ത്രിക് ജനതാദള്‍ നേതാവും മാതൃഭൂമി പ്രിന്‍റിങ് ആന്‍റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്‍റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു അദ്ദേഹം.