കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മുഴുവൻ സമയ വിമാന സർവീസുകൾ പുനഃരാരംഭിച്ചതോടെ കൂടുതൽ വിമാന കമ്പനികൾ സർവീസുകളുമായി എത്തുന്നു. നിർത്തിയ സർവീസുകൾ പുനഃരാരംഭിക്കുന്നതിനും നിലവിലുള്ളവയുടെ എണ്ണം കൂട്ടുന്നതിനും പുറമെയാണ് പുതിയ വിമാന കമ്പനികൾ എത്തുന്നത്. ഇത്തിഹാദ്, സൗദി എയർലൈൻസ് എന്നിവക്ക് പുറമെ ശ്രീലങ്കൻ വിമാന കമ്പനിയും കരിപ്പൂർ ലക്ഷ്യമിടുന്നുണ്ട്.
കോഴിക്കോട് - അബുദാബി സെക്‌ടറിൽ ജനുവരി മുതൽ എല്ലാ ദിവസവും സർവീസ് നടത്താനാണ് ഇത്തിഹാദ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്ത മാസം മുതൽ ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം സർവീസ് നടത്തുന്നതിനും വിമാന കമ്പനി അനുമതി തേടിയിട്ടുണ്ട്.
ഒമാൻ എയർ, ഫ്ലൈ നാസ്, ഇൻഡിഗോ, എയൻ ഇന്ത്യ എക്‌സ്‌പ്രസ് എന്നി കമ്പനികൾ സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു. മസ്‌കറ്റിലേക്കുള്ള ഒമാൻ എയർ ആഴ്‌ചയിൽ മൂന്ന് സർവീസുകൾ കൂട്ടും. ആഴ്‌ചയിൽ നടത്തുന്ന 14 സർവീസുകൾ 17 ആയാണ് ഉയർത്തുക.
റിയാദിലേക്കുള്ള ഫ്ലൈ നാസ് ആഴ്‌ചയിൽ നാല് സർവീസുള്ളത് ആറാക്കി വർധിപ്പിക്കും. ആഭ്യന്തര സർവീസുകളുടെ എണ്ണമാണ് ഇൻഡിഗോ വർധിപ്പിക്കുക. റൺവേ റീ കാർപെറ്റിങ്ങിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പകൽ സമയ വിമാന സർവീസുകൾ തിരിച്ചെത്തിയത്. പത്തുമാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സർവീസുകൾ പൂർണമായി പ്രവർത്തന സജ്ജമായത്.
നിലവിൽ ചെറുവിമാനങ്ങൾ മാത്രമാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ അനുവദിക്കണമെങ്കിൽ റൺവേയുടെ സുരക്ഷ മേഖലയുടെ നീളം 90 മീറ്ററിൽ നിന്ന് 150 മീറ്ററാക്കണം. അതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞു.
എല്ലാത്തരം വലിയ വിമാനങ്ങളും ഇറങ്ങിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ 2015 ഏപ്രിൽ മുതലാണ് റൺവേ റീ കാർപെറ്റിങ്ങിന്‍റെ പേരിൽ വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയയത്. പിന്നീട് അവയൊന്നും പൂർണതോതിൽ തിരിച്ചു വന്നിട്ടില്ല. റീ കാർപെറ്റിങ് പൂർത്തിയായെങ്കിലും 2018ൽ വലിയ വിമാനങ്ങളുടെ 'ഇ' ശ്രേണിയിൽപെട്ട ഇടത്തരം വലിയ വിമാനങ്ങൾക്ക് മാത്രമേ അനുമതി ലഭിച്ചുള്ളൂ.
2020 ഓഗസ്റ്റ് 7ന് വിമാനാപകടം ഉണ്ടായതിനെ തുടർന്ന് ആ അനുമതിയും പിൻവലിച്ചു. ഡൽഹി കേന്ദ്രീകരിച്ചുള്ള എൻഎസ്‌സി കമ്പനിയാണ് കരാർ ഏറ്റെടുത്ത് പ്രവർത്തികൾ പൂർത്തിയാക്കിയത്. റൺവേയിലെ ടാറിങ് മാറ്റിസ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, റൺവേയുടെ മധ്യത്തിൽ ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കൽ, എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തികരിച്ചത്.
ജനുവരിയിൽ ആരംഭിച്ച റീ കാർപെറ്റിങ് ജോലി ജൂൺ ആദ്യവാരത്തിൽ പൂർത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബർ വരെ ജോലി പൂർത്തിയാക്കാൻ കാലാവധിയുണ്ടായിരുന്നിട്ടും മാസങ്ങൾക്കു മുൻപുതന്നെ റീ കാർപെറ്റിങ് പൂർത്തിയാക്കാൻ സാധിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിന് പിന്നാലെ ഒക്ടോബർ 28 മുതലാണ് കരിപ്പൂരിൽ സർവീസുകൾ പുനരാരംഭിച്ചത്.
READ ALSO: Karipur International Airport | കരിപ്പൂർ റെഡി, 24 മണിക്കൂർ വിമാന സർവീസ് ഒക്ടോബർ 28 മുതൽ