കോഴിക്കോട്: ബാലുശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദന കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 29 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് എന്നിവരാണ കസ്റ്റഡിയിലുള്ള രണ്ടു പേര്‍, മറ്റു മൂന്ന് പേരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബാലുശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളായ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് പാലൊളിമുക്കില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്‌ണു രാജിനെ 30 പേരടങ്ങുന്ന സംഘം മര്‍ദനത്തിനിരയാക്കിയത്.
ജിഷ്‌ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും പൊലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നു. രണ്ട് മണിക്കൂറാണ് ജിഷ്‌ണുവിനെ സംഘം മര്‍ദിച്ചത്. ബാലുശ്ശേരി മേഖലയിലുണ്ടായിരുന്ന എസ്.ഡി.പി.ഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നരോപിച്ചാണ് ജിഷ്ണു രാജിനെ സംഘം മര്‍ദിച്ചത്.
എന്നാല്‍ തന്‍റെ കൂട്ടുകാര്‍ക്കൊപ്പം പിറന്നാളാഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നെന്നും പോസ്റ്റര്‍ നശിപ്പിക്കാന്‍ എത്തിയതല്ലെന്നുമാണ് ജിഷ്‌ണുവിന്‍റെ വാദം. മര്‍ദനത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എസ്ഡി പിഐ-മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് ജിഷ്‌ണു പറഞ്ഞു.
കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും പറയിപ്പിച്ച് സംഘം വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ ആള്‍ക്കൂട്ടം ജിഷ്‌ണുവിനെ പൊലീസിന് കൈമാറി.