കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന് മൂന്നാം തവണയും കാലിടറിയില്ല. മൂന്നാം വിജയത്തിനായി കോഴിക്കോട് മണ്ഡലത്തിൽ രാഘവനെ ഇറക്കിയപ്പോൾ തന്നെ യുഡിഎഫിന് വിജയം സുനിശ്ചിതമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു രാഘവന്‍റെ വിജയത്തിന് പിന്നിലെ പ്രധാനഘടകം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം മുതൽ മെഡിക്കൽ കോളജിലെ അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ വരെ ജനങ്ങളിലേക്ക് എത്തിച്ച രാഘവനെ വികസന നായകൻ എന്ന പേര് നൽകിയാണ് യുഡിഎഫ് നേരത്തെ മുതൽ മണ്ഡലത്തിൽ സജീവമാക്കിയിരുന്നത്.
അക്രമ രാഷ്ട്രീയത്തിനെതിരെ പടപൊരുതുക എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് മുന്നോട്ടുവച്ച സ്ഥാനാർഥിക്ക് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയത് കൂടുതല്‍ ബലം നല്‍കി. ഇതോടൊപ്പം മണ്ഡലത്തിലെ ഗ്രാമങ്ങളിലെ വോട്ടുകൾ ചോർന്നുപോകാതെ തനിക്ക് അനുകൂലമാക്കിയത് രാഘവന്‍റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടുമാത്രമാണ്. എന്നും ജനങ്ങളോടൊപ്പം മണ്ഡലത്തിൽ നിറഞ്ഞുനിന്ന എം കെ രാഘവനെ യുഡിഎഫ് വീണ്ടും കളത്തിൽ ഇറക്കിയപ്പോൾ ജനങ്ങൾക്കും മാറി ചിന്തിക്കേണ്ടതായി തോന്നിയില്ല എന്നതാണ് വാസ്തവം.
മണ്ഡലം കൈവിടാതിരിക്കാൻ രാഘവനെ തന്നെ മൂന്നാം തവണയും മത്സര രംഗത്ത് ഇറക്കിയ യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കാത്ത കോഴിക്കോടിന്റെ സ്വന്തം രാഘവേട്ടനെ ഇത്തവണയും ജനങ്ങൾ തെരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനുമില്ല.