കോഴിക്കോട്: കോഴ വിവാദത്തിൽ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. രാവിലെ ഏഴ് മണിക്ക് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് ഹാജരാകുക. മൊഴി രേഖരപ്പെടുത്താൻ എത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം രണ്ടാമതും നോട്ടീസ് അയച്ചതിനെ തുടർന്നാണ് രാഘവൻ ഇന്ന് ഹാജരാകുന്നത്. പ്രചാരണ തിരക്കായതിനാലാണ് ആദ്യം നോട്ടീസ് ലഭിച്ചപ്പോള്‍ എത്താതിരുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
രാഘവനെതിരായ ആരോപണം പാർട്ടിയും അന്വേഷിക്കുന്നുണ്ട്. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലവും അന്വേഷിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങാനാകൂവെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
സിപിഎം കോഴിക്കോട് ജില്ല നേതൃത്വവും ഒരു മാഫിയ സംഘവും നടത്തിയ ഗൂഡാലോചനയാണ് ആരോപണത്തിന് പിന്നിലെന്നാണ് രാഘവന്‍റെ വാദം. ഹിന്ദി വാർത്താ ചാനൽ പുറത്ത് വിട്ട വാർത്തയിൽ കൂട്ടിച്ചേർക്കലും എഡിറ്റിങ്ങും നടന്നിട്ടുണ്ടെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കും അദ്ദേഹം പരാതി നൽകിയിരുന്നു. അതിനിടെ ഗൂഡാലോചനക്ക് പിന്നില്‍ സിപിഎം ജില്ല നേതൃത്വമാണെന്ന രാഘവന്‍റെ ആരോപണത്തിനെതിരെ ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇന്ന് വക്കീല്‍ നോട്ടീസ് അയക്കും.