കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. പിതൃ തുല്യനായ നേതാവിനെയാണ് തനിക്ക് നഷ്‌ടമായതെന്നും ജനകീയ മുഖമുള്ള ഒരു വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും എംകെ മുനീര്‍ പറഞ്ഞു.
ആത്മ സമര്‍പ്പണത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ജനസമ്പര്‍ക്ക പരിപാടിയും. കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ അടക്കമുള്ള പദ്ധതികള്‍ ജനമനസുകളിലെന്നും മായാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമ കാര്യങ്ങള്‍ എന്ത് തന്നെയായലും അദ്ദേഹം അതിന് മുന്‍ കൈയെടുക്കും. രാഷ്‌ട്രീയത്തിനപ്പുറം ജനങ്ങളുടെ സ്‌നേഹം അദ്ദേഹം ആര്‍ജിച്ചിട്ടുണ്ട്.
ഭരണ പക്ഷമോ പ്രതിപക്ഷമോ എന്ന് പോലും നോക്കാതെ എല്ലാവരെയും ഒരുപോലെ കണ്ട നേതാവാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ പ്രശ്‌നത്തിന് മേല്‍ നിയമങ്ങള്‍ പോലും ജനങ്ങള്‍ക്കുള്ളതാണെന്ന് വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജനപക്ഷത്ത് നിന്നിരുന്ന ഒരാളാണ് ഉമ്മന്‍ചാണ്ടി.
അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനുള്ള വേദനയില്‍ ഞാനും പങ്കാളിയാകുന്നുവെന്നും ഞങ്ങളുടെ കുടുംബത്തിന് നിന്നും ഒരു നാഥന്‍ ഒഴിഞ്ഞ് പോയി എന്നൊരു വേദനയാണ് തനിക്കുള്ളതെന്നും എംകെ മുനീര്‍ പറഞ്ഞു.
യാത്രയായത് ജനങ്ങളുടെ നായകന്‍: ഇന്ന് പുലര്‍ച്ചെ 4.25നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. കാന്‍സര്‍ ബാധിതനായി ബെംഗളൂരുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. ഇന്നലെ രാത്രിയില്‍ രക്തസമ്മര്‍ദം വളരെയധികം താഴുകയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്‌തതിന് പിന്നാലെ ആരോഗ്യ നില വഷളാകുകയായിരുന്നു.
ജനങ്ങള്‍ക്കായി സമര്‍പ്പിച്ച രാഷ്‌ട്രീയ ജീവിതം: യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ 1970ലെ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സര രംഗത്തേക്കിറങ്ങിയത്. തുടര്‍ന്നുള്ള ഓരോ മത്സരങ്ങളിലും ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയനായ നേതാവ് ഉമ്മന്‍ ചാണ്ടിയെയായിരുന്നു. അങ്ങനെയിരിക്കെ 2004ലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനമേറ്റത്.
2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എകെ ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ആ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെത്തുന്നത്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് ജനകീയ നേതാവായ ഉമ്മന്‍ ചാണ്ടിയെ 2011ല്‍ വീണ്ടും ജനങ്ങള്‍ നേതാവായി തെരഞ്ഞെടുത്തു. അരനൂറ്റാണ്ടിലേറെ കാലം നിയമസഭാംഗമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭ സാമാജികനായിരുന്നതിന്‍റെ റെക്കോര്‍ഡ്.
1970 മുതല്‍ 2021ല്‍ തുടര്‍ച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ട് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവായും സോവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ജനങ്ങളുടെ ക്ഷേമത്തിനാണ് ഏറെ മുന്‍തൂക്കും നല്‍കേണ്ടത് എന്നതിന്‍റെ തെളിവാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംഘടിപ്പിച്ച ജന സമ്പര്‍ക്ക പരിപാടി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയും ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്തെ സുപ്രധാന വികസനങ്ങളില്‍ ചിലതാണ്.