കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തില്‍ ജേതാക്കളാവുന്ന ജില്ലയ്‌ക്ക് നല്‍കാനുള്ള 117 പവന്‍റെ സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. 2019ല്‍ കാസര്‍ഗോഡ് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടായിരുന്നു കപ്പ് നേടിയത്. പാലക്കാട് ജില്ല ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന കപ്പാണ് ഇന്ന് കോഴിക്കോട് എത്തിയത്.
ALSO READ| സ്‌കൂള്‍ കലോത്സവം; അവസാന ഘട്ട ഒരുക്കങ്ങളില്‍ കോഴിക്കോട്, തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ഇന്ന് രാവിലെ എട്ടരയോടെ കോഴിക്കോട് ഡിഡിഇ പാലക്കാട് ട്രഷറിയിലെത്തി സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. സാധാരണഗതിയില്‍ പൊലീസിന്‍റെ അകമ്പടി വാഹനത്തോടെയാണ് സ്വര്‍ണക്കപ്പ് കൊണ്ടുപോവുക. എന്നാല്‍, ഡിഡിഇയുടെ വാഹനത്തില്‍ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വര്‍ണ്ണക്കപ്പിന്‍റെ സുരക്ഷയ്‌ക്കായി നിയോഗിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ നിലപാട് എടുത്തു.
തുടര്‍ന്ന്, കൂടുതല്‍ പൊലീസ് സുരക്ഷയ്ക്കായി എത്തി. കോഴിക്കോടിന്‍റെ ജില്ല അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തിയ കപ്പ്, മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും ചേര്‍ന്ന് ഏറ്റുവാങ്ങി.