കോഴിക്കോട് : മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചുള്ള മേഖലാതല അവലോകനയോഗം കോഴിക്കോട് ചേരുന്നു (Ministers Meet In Kozhikode). കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുടെ അവലോകന യോഗമാണ് ചെറുവണ്ണൂര്‍ മറീന കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കുന്നത്. ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
ഈ വർഷത്തെ അവസാനത്തെ മേഖലായോഗമാണ് കോഴിക്കോട്ട് നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ യോഗങ്ങൾ പൂര്‍ത്തിയായിരുന്നു. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജല്‍ജീവന്‍ മിഷന്‍, ആര്‍ദ്രം മിഷന്‍, ഇന്‍റർ നാഷണൽ റിസര്‍ച്ച് സെന്‍റർ ഫോര്‍ ആയുര്‍വേദ, കോവളം-ബേക്കല്‍ ഉള്‍നാടന്‍ നാവിഗേഷന്‍, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ എന്നിവയാണ് യോഗത്തിന്‍റെ പരിഗണനയിലുള്ളത്.
പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും നടക്കും. വൈകിട്ട് 3:30 മുതല്‍ 5 വരെ പൊലീസ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്‌ടര്‍മാര്‍, നാല് ജില്ലകളില്‍ നിന്നുള്ള കലക്‌ടര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമായാണ് മേഖലാതല യോഗം ചേരുന്നതെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.