കോഴിക്കോട് : വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിൽ അടിപിടി. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വടകര ജെ ടി ടൂറിസ്‌റ്റ് ഹോമിൽ തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം. ബിഹാർ സ്വദേശി സിക്കന്തർ കുമാറാണ് (19) മുകളിലെ നിലയിൽ നിന്ന് വീണുമരിച്ചത്. സിക്കന്തർ കുമാറിനൊപ്പം വീണ വികാസ് (20) എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോഡ്‌ജിൽ വച്ച് ഏറ്റുമുട്ടിയ ഇരുവരും ഒന്നിച്ച് താഴേക്ക് വീഴുകയായിരുന്നു. സിക്കന്തർകുമാറിന്‍റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് സ്ഥലത്തെത്തി ലോഡ്‌ജിന് കാവലേർപ്പെടുത്തി. നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ടൂറിസ്‌റ്റ് ഹോമിൽ താമസിക്കുന്നത്. സിക്കന്തറും വികാസും പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ തുടങ്ങിയ കയ്യാങ്കളി ആണ് അപകടത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
രണ്ടാം നിലയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. ഉയരം കുറഞ്ഞ വരാന്തയുടെ ഭിത്തിക്ക് മുകളിലൂടെ രണ്ടുപേരും താഴേക്ക് പതിക്കുകയായിരുന്നു. സിക്കന്തറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വികാസിന് മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വികാസിൻ്റെ ബന്ധുവും ഈ ലോഡ്‌ജിൽ ഉണ്ടായിരുന്നു. ഇയാളുടേതടക്കം നിരവധി പേരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.