കോഴിക്കോട്: ശാന്തിയുടെയും എളിമയുടെയും സന്ദേശവുമായി ബത്‌ലഹേമിലെ കാലിത്തൊഴുക്കിൽ ഉണ്ണിയേശു പിറന്ന് വീണതിന്റെ ഓർമ്മ പുതുക്കി ഇന്നലെ രാത്രി ദേവാലയങ്ങളിൽ പ്രാർത്ഥനയും പാതിരാ കുർബാനയും നടന്നു. മിക്ക ദേവാലയങ്ങളുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച മുതൽ തന്നെ കരോൾ സംഘങ്ങൾ സജീവമായിരുന്നു. ഇന്നലെ രാത്രി 11.30തോടെ തന്നെ നഗരത്തിലെയും മലയോര മേഖലയിലെയും പള്ളികളിൽ പ്രാർത്ഥന ആരംഭിച്ചു.
കോഴിക്കോട് രൂപതയുടെ കീഴിലെ ദേവമാതാ കത്തിഡ്രലില്‍ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പിറവിത്തിരുന്നാൾ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. താമരശ്ശേരി മേരി മാതാ കത്തിഡ്രലില്‍ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തിഡ്രലില്‍ ഫാ. അജോഷ് കരിമ്പന്നൂരിന്റെ മുഖ്യകാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ നടന്നു.