കോഴിക്കോട് : മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ ഡ്യൂട്ടിക്കിടെ കാണാതായി (Merchant Navy Officer Missing). നിലമ്പൂർ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസ് (43) നെ ആണ് കാണാതായത്. ചൈനയിൽ നിന്ന് വന്ന കപ്പലിൽ ഫ്യുജൈറ - മലേഷ്യ റൂട്ടിലെ യാത്രാമധ്യേയാണ് മനേഷിനെ കാണാതായത് (Merchant Navy Officer Manesh Kesavadas Missing).
സെക്കൻ്റ് ഓഫിസറായ മനേഷ് നാവിഗേഷൻ ഡിപ്പാട്ട്മെൻ്റിലായിരുന്നു. ഒക്ടോബർ പതിനൊന്നാം തീയതി പ്രാദേശിക സമയം ഉച്ചക്ക് 12:30 മുതൽ പുലർച്ചെ 4:30 വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് പോയ മനേഷ് തൊട്ടടുത്ത ദിവസം 12:30 ന് ഡ്യൂട്ടിക്ക് എത്തായതോടെയാണ് അന്വേഷിച്ചത്.
പത്താം തീയതി ഭാര്യയേയും തൊട്ടടുത്ത ദിവസം സുഹൃത്തിനെ ജന്മദിനാംശകൾ അറിയിക്കാന്‍ വിളിച്ചിരുന്നു. ഇരുപത് കൊല്ലമായി കപ്പലിൽ ജോലി ചെയ്യുന്ന മനേഷ്, ഒരു പരിശീലനത്തിൻ്റെ ഭാഗമായി അമേരിക്കയിലേക്ക് പോകുന്നതിൻ്റെ മുന്നോടിയായി കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലെത്തിയത്. മനേഷിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനും എംപിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് ഭാര്യ അശ്വതി.
ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്‌മോസ് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്‌ചയാണ് മനേഷിനെ കാണാതായത്. കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണെന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ കപ്പലിൽ മറ്റൊരു മലയാളി കൂടി ജോലി ചെയ്യുന്നതായി കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ ബന്ധപ്പെടാനുള്ള ശ്രമവും തുടരുകയാണ്.