കോഴിക്കോട് : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് വേണ്ടി മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു. എറണാകുളം ജനറൽ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. സംഭവത്തില്‍ മാറ്റിവച്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ഈ മാസം എട്ടിനാണ് ചേരുന്നത്.
ഓഗസ്റ്റ് ഒന്നിന് ചേരാനിരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റി വച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന കോഴിക്കോട് ഡിഎംഒ ഓഫിസിന് മുന്നില്‍ കുത്തിയിരിക്കുകയും ചെയ്‌തിരുന്നു. റേഡിയോളജിസ്റ്റ് ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചൊവ്വാഴ്‌ച്ച ചേരേണ്ടിയിരുന്ന യോഗം മാറ്റിയത്.
പിന്നാലെ, എട്ടാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യ വകുപ്പിനും പൊലീസിനും ഡിഎംഒ ഉറപ്പ് നല്‍കി. അതേസമയം, ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ഒന്‍പതാം തീയതി മുതല്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടങ്ങാനാണ് ഹര്‍ഷിനയുടെ തീരുമാനം.
നീതികിട്ടണമെന്നാണ് നിലപാട് : കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് നീതി കിട്ടണമെന്ന നിലപാടാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക ഉണ്ടായിരുന്നു എന്നത് വസ്‌തുതയാണ്. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആദ്യം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിരുന്നെന്നും മന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍, ആ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടുതൽ ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാമതും സമഗ്രമായൊരു അന്വേഷണം നടത്തി. എന്നാല്‍, ഈ പരിശോധനയിലും ഒരു തീരുമാനം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഫൊറൻസിക് പരിശോധന കൂടി വേണമെന്ന നിലപാടിലേക്ക് അന്നാണെത്തിയത്.
ഇതിനായി ഫൊറൻസിക് ഡിപ്പാർട്ട്മെന്‍റിനെയും സമീപിച്ചു. എന്നാൽ, വിഷയത്തില്‍ ഒരു മെറ്റൽ അലോയിയുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയില്ലെന്നായിരുന്നു ഫൊറൻസിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന തീരുമാനത്തിലേക്കെത്തിയത്. അതിന് മുന്‍പായി മന്ത്രി ഹര്‍ഷിനയെ നേരിട്ടെത്തി കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാമെന്നും പൊലീസ് അന്വേഷണം നടത്താമെന്നുമുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനമായത്. വിഷയത്തില്‍, ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചിട്ടുള്ളതെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തെറ്റുകാരെ കണ്ടെത്തുമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.