കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സീ ലെവലിനും താഴെയുള്ള സ്ഥലങ്ങളെ ഉള്‍പ്പെടെ പരിഗണിച്ച് വ്യക്തമായ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. മേയറായി അധികാരമേറ്റശേഷം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയര്‍. കോഴിക്കോട് കോർപറേഷൻ പരിധിയിൽ അനധികൃതമായി പണിത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടികൾ സ്വീകരിക്കും. നഗര പരിധിയിൽ വീതിയുള്ള റോഡുകൾ തെരഞ്ഞെടുത്ത് വാഹന പാർക്കിങ്ങിന് പ്രത്യേക സൗകര്യമൊരുക്കുമെന്നും മേയർ പറഞ്ഞു.
വിദഗ്ദരുമായി ചർച്ച ചെയ്ത് പൊതുജന പിന്തുണയോടെ 100 ദിവസത്തിനകം നഗര ശുചീകരണ പ്രോട്ടോക്കോൾ കോർപറേഷൻ പരിധിയിൽ നടപ്പാക്കുമെന്നും മെഡിക്കൽ കോളേജ് ബസ്റ്റാന്‍റ് ഈ കൗൺസിൽ യാഥാർത്ഥ്യമാക്കുമെന്നും ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം.ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്.രാകേഷ് എന്നിവർ പങ്കെടുത്തു.