കോഴിക്കോട്: പ്രളയത്തെയും കാലം തെറ്റി പെയ്‌ത മഴയെയും അതിജീവിച്ച് ചാലിയാര്‍ തീരത്തെ മാവൂര്‍ പാടത്ത് വിളഞ്ഞ നെല്ലിന്‍റെ കൊയ്‌ത്ത് ഉത്സവം ആഘോഷമായി. പാരമ്പര്യ കർഷകൻ ആറ്റുപുറത്ത് നൊട്ടിവീട്ടിൽ മരക്കാർ ബാവ കൃഷിചെയ്ത് വിളയിച്ച ഉമ, വൈശാഖ് നെല്ലിനങ്ങളാണ് കൊയ്തെടുത്തത്. ഇത്തവണ അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് കൃഷിയിറക്കിയത്. ഞവര, ബിരിയാണി അരിയായ കയമ എന്നീ ഇനങ്ങളും കൃഷി ചെയ്തിരുന്നു.
ഓഗസ്റ്റിലെ പ്രളയം കഴിഞ്ഞ ഉടനെയാണ് ഇവിടെ കൃഷിയിറക്കിയത്. എന്നാൽ, വിത്ത് മുളച്ച് അധികം താമസിക്കാതെ വീണ്ടും വെള്ളപ്പൊക്കവും ഭീഷണിയായെത്തി. ഇതെല്ലാം അതിജീവിച്ചാണ് ഇത്തവണ നെല്ല് വിളഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.മുനീറത്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍റ് ഉദ്യോഗസ്ഥരായ പി. അനിൽകുമാർ, എം. ഷൈബിത, കെ. ദിവ്യ, ഗ്രാമ പഞ്ചായത്തംഗം സുബൈദ കണ്ണാറ എന്നിവരും പങ്കെടുത്തു.