കോഴിക്കോട്: കഴിഞ്ഞ മഹാ പ്രളയത്തിന്‍റെ നാശനഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഒരു കുടുംബം. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ഊർക്കടവ് അരീക്കുഴിയിൽ മുഹമ്മദിന്‍റെ വീടാണ് കഴിഞ്ഞ പ്രളയത്തിലെ മണ്ണിടിച്ചിലില്‍ തകർന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ കുടുംബം ഭീതിയൊഴിയാതെ ദുരിതത്തിലാണ്.
ഇപ്പോഴും പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. വീട് താമസയോഗ്യമല്ല എന്നാണ് ജിയോളജി വകുപ്പിന്‍റെ റിപ്പോര്‍ട്ട്. മറ്റു മാര്‍ഗമില്ലാതെ ഈ കുടുംബം ഒരു വർഷമായി വാടകവീട്ടിലാണ് താമസം. വീട് പൊളിച്ച് മറ്റൊരു സ്ഥലത്ത് പുതിയ വീട് ഉണ്ടാക്കുക മാത്രമാണ് പരിഹാരം. എട്ടര സെന്റ് സ്ഥലം മാത്രം കൈവശമുള്ള കൂലിപ്പണിക്കാരനായ മുഹമ്മദിന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. സർക്കാരില്‍ നിന്ന് വീട് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തുച്ഛമായ സംഖ്യയാണ് ലഭിച്ചത്. മൂന്ന് കുട്ടികളുള്ള കുടുംബം ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുന്നു.