കോഴിക്കോട്: മാവൂർ ഗ്രാമ പഞ്ചായത്ത് ഇനി ആർ.എം.പി.ഐ (Revolutionary Marxist Party of India) ഭരിക്കും. ഭരണ സമിതിയിലെ ഏക ആർ.എം.പി.ഐ അംഗമായ ടി രഞ്ജിത്ത് പ്രസിഡന്‍റായി ചുമതലയേറ്റു. ശനിയാഴ്‌ച നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായി മത്സരിച്ച കെ.പി മോഹൻദാസിനെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
നിലവിലെ ഭരണസമിതിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു രഞ്ജിത്. മുസ്‌ലിം ലീഗിലെ പുലപ്പാടി ഉമ്മർ മാസ്റ്റർ, ജൂൺ 30ന് പ്രസിഡൻ്റ് പദവി ഒഴിഞ്ഞിരുന്നു. ടി രഞ്ജിത് പ്രസിഡന്‍റ് ആയതോടെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി മുസ്‌ലിം ലീഗിന് നൽകും. യു.ഡി.എഫ് - ആർ.എം.പി.ഐ മുന്നണി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിൽ ഘടക കക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പദവി മാറ്റം.
പദവി ഒരു വർഷത്തേക്ക്: ധാരണയനുസരിച്ച് ഭരണസമിതിയുടെ ആദ്യത്തെ ഒന്നര വർഷമായിരുന്നു മുസ്‌ലിം ലീഗിന് പ്രസിഡന്‍റ് പദവി. തുടർന്ന്, ഒരു വർഷം ആർ.എം.പി.ഐക്കും ബാക്കി രണ്ടര വർഷം കോൺഗ്രസിനുമാണ് പ്രസിഡന്‍റ് സ്ഥാനം. നിലവിൽ, ആദ്യ രണ്ടര വർഷം കോൺഗ്രസിലെ ജയശ്രീ ദിവ്യപ്രകാശാണ് വൈസ് പ്രസിഡന്‍റ്. അടുത്ത രണ്ടര വർഷം മുസ്‌ലിം ലീഗിനാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം. പ്രസ്‌തുത രണ്ടര വർഷം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റം വരും.
വൈസ് പ്രസിഡന്‍റ് പദവിയുടെ കൂടെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും മുസ്‍ലിം ലീഗിന് കിട്ടും. 18 അംഗ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 10 ഉം എൽ.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. യൂ.ഡി.എഫിൽ മുസ്‌ലിം ലീഗിന് അഞ്ചും കോൺഗ്രസിന് നാലും ആർ.എം.പി.ഐക്ക് ഒന്നും അംഗങ്ങളാണുള്ളത്.
മാവുർ ഗ്രാമ പഞ്ചായത്തിൽ ഇതാദ്യമായാണ് ആർ.എം.പി.ഐക്ക് സീറ്റ് ലഭിക്കുന്നത്. സീറ്റ് ലഭിച്ചപ്പോൾതന്നെ ഭരണസമിതിയിൽ സുപ്രധാന സ്ഥാനങ്ങൾ കൈയാളാനായത് ആർ.എം.പിയുടെ നേട്ടമാണ്. ഒഞ്ചിയം, ചേറോട് ഗ്രാമപഞ്ചായത്തുകളിലാണ് പാര്‍ട്ടി നിലവില്‍ ഭരിക്കുന്നത്. മാവൂരില്‍ കൂടി അധ്യക്ഷസ്ഥാനം ലഭിച്ചതോടെ പാര്‍ട്ടി ഭരണമേല്‍ക്കുന്ന മൂന്നാമത്തെ പഞ്ചായത്തായി.