കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡിനെ വോട്ടാക്കി മാറ്റാനുള്ള തന്ത്രപ്പാടിലാണ് ഓരോ രാഷ്‌ട്രീയ പാർട്ടികളും. അതിനിടക്ക് വീണു കിട്ടിയ ആയുധം കണക്കെ മാസ്ക്കിലും പാർട്ടിക്കാർ പ്രചരണ തന്ത്രം പയറ്റിത്തുടങ്ങി. പാർട്ടി ചിഹ്നങ്ങൾ പ്രിന്‍റ് ചെയ്‌ത മാസ്‌കുകൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.
യുഡിഎഫ്, സിപിഎം, ബിജെപി തുടങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മാസ്‌ക്കുകൾ ഇവിടെ തയ്യാറാണ്. കോഴിക്കോട് സ്വദേശിയായ ഫസൽ റഹ്മാന്‍റെ നേതൃത്വത്തിൽ കേരളത്തിൽ മുഴുവനും മാസ്‌ക് സപ്ലൈ ചെയ്യുന്നുണ്ട്. സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയാൽ സ്ഥാനാർഥികളുടെ മുഖം പ്രിന്‍റ് ചെയ്ത മാസ്‌കുകളും ഇറങ്ങി തുടങ്ങും.
വീടുകൾ കയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങൾ ഉള്ള ഈ തെരഞ്ഞെടുപ്പ് കാലത്ത് താരമാകാൻ പോകുന്നത് കൊവിഡ് പ്രതിരോധത്തിലെ മുഖ്യ ഘടകമായ മാസ്‌കുകൾ തന്നെയായിരിക്കും. പ്രിന്‍റിങ്ങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് ഓർഡറുകളും ലഭിച്ചിട്ടുണ്ട്.