കോഴിക്കോട് : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദകുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും ആണ് അഗ്നിക്കിരയാക്കിയത്. ഞായറാഴ്‌ച പുലർച്ചെ 12.10 ഓടെയാണ് സംഭവം.
തീ ആളിപ്പടരുന്നത് കണ്ട വഴി യാത്രക്കാരനാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബന്ധുക്കളുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാഴ്‌ച മുൻപും പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് ആനന്ദകുമാറിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഒരാൾ പെട്രോൾ ഒഴിച്ച് വാഹനങ്ങൾക്ക് തീയിട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ അൽപം വൈകിയിരുന്നെങ്കിൽ വീട്ടിലേക്കും ആളിപ്പടരുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.