കോഴിക്കോട് : ടെറസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കോഴിക്കോട് വേങ്ങേരി തടമ്പാട്ട് താഴം കല്ലൂട്ടിവയൽ കല്ലുണ്ടയിൽ അബ്ദുൽ മജീദ് (60) ആണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ജനുവരി ഒന്നിന് പുലർച്ചെ ഒരു മണിക്കായിരുന്നു കേസിന് ആസ്‌പദമായ സംഭവം.
വേങ്ങേരി തടമ്പാട്ട് താഴത്തെ ആളൊഴിഞ്ഞ വീടിന് മുകളിൽ അബ്ദുൽ മജീദും സുഹൃത്തുക്കളും ചേർന്ന് പുതുവത്സര ആഘോഷത്തിനായി ഒത്തുചേരുകയായിരുന്നു. ആദ്യം ഇരുപതോളം പേർ ആഘോഷത്തിൽ പങ്കെടുത്തു. അവസാനം ആറുപേർ മാത്രമായപ്പോൾ സുഹൃത്തുക്കൾ ചേർന്ന് കേക്ക് വാങ്ങാൻ തീരുമാനിച്ചു. എന്നാൽ പണം പിരിക്കുന്നതിലേക്ക് കടന്നപ്പോൾ വിഹിതം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തു.
അത് പിന്നീട് ചേരിതിരിഞ്ഞുള്ള ഉന്തിലും തള്ളിലും കലാശിച്ചു. അതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന വേങ്ങേരി തടമ്പാട്ട് താഴം സ്വദേശി അരുൺ എന്ന ലാലു(40)അബ്ദുൽ മജീദിനെ പിടിച്ച് തള്ളിയപ്പോൾ ടെറസിൽ നിന്ന് താഴെ വീഴുകയായിരുന്നു.
ആദ്യം സൺസൈഡിന് മുകളിലും പിന്നീട് ശുചിമുറിയുടെ കോൺക്രീറ്റ് സ്ലാബിന് മുകളിലേക്കുമാണ് വീണത്. എല്ലാവരും മദ്യ ലഹരിയിൽ ആയതിനാൽ പരിക്കേറ്റ അബ്ദുൽ മജീദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് മലാപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.
Also Read: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; 3 പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ തുടരുന്നു
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു.അബ്ദുൽ മജീദിന്‍റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന കാര്യം തെളിഞ്ഞത്. അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.