കോഴിക്കോട് : മുക്കത്ത് 3000 പാക്കറ്റ് ഹാൻസുമായി ഒരാൾ അറസ്റ്റില്‍. അരീക്കോട് കാവന്നൂർ സ്വദേശി കൊടക്കാട്ട് ഇസ്ഹാഖാണ് (34) മുക്കം പൊലീസിന്‍റെ പിടിയിലായത്. മുക്കത്തും പരിസരപ്രദേശങ്ങളിലുമായി ചില്ലറ വിൽപ്പനക്കാര്‍ക്ക് നൽകാനായി രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്ന ശേഖരമാണ് പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച രാത്രി നടത്തിയ വാഹന പരിശോധനക്കിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവിൽ വെച്ച് സ്‌കൂട്ടറിൽ കടത്തുന്നതിനിടെയാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്.
ചില്ലറ വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉത്പന്നം കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് വാങ്ങി കേരളത്തിലെത്തിച്ച് പത്തിരട്ടിയിലധികം രൂപയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു.
ALSO READ:പാലാ കൊലപാതകം : പ്രതി അഭിഷേകിനെ ക്യാംപസിലെത്തിച്ച് തെളിവെടുത്തു
നവംബർ മാസം സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങുന്നതിനിടെ കോഴിക്കോട് റൂറൽ ജില്ലയിലുടനീളം ലഹരി വസ്‌തുക്കൾ കടത്തുന്നതും വിൽപ്പന നടത്തുന്നതും കണ്ടെത്തി പിടികൂടുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌തതിൽ നിന്നും ഇയാൾക്ക് കർണാടകയിൽ നിന്നും കേരളത്തിലേക്ക് പുകയില ഉത്പന്നങ്ങള്‍ എത്തിച്ചുനൽകുന്നയാളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
ലഹരി വസ്‌തുക്കളുടെ വിൽപ്പന തടയുന്നതിന് വേണ്ട ശക്തമായ നടപടി തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നും മുക്കം ഇൻസ്‌പെക്‌ടർ കെ.പി അഭിലാഷ് പറഞ്ഞു.
മുക്കം സിഐയുടെ നേതൃത്വത്തിൽ മുക്കം എസ്.ഐ സജിത്ത് സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്‌ദുൽ റഷീദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സിംജിത്ത് പിലാശ്ശേരി, നവഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.