കോഴിക്കോട്: വനിത ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തതിന് പുരുഷ നഴ്‌സ് അറസ്റ്റില്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നിഷാം ബാബു(24)ആണ് അറസ്റ്റിലായത്. രണ്ട് പേരും കര്‍ണാടകയിലെ ഒരു ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്‌തിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന വ്യാജ വാഗ്‌ദാനം നല്‍കിയാണ് ഇയാള്‍ 28 വയസുള്ള വനിത ഡോക്‌ടറെ പീഡിപ്പിച്ചത്. കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചത് എന്നാണ് ആരോപണം. കൂടാതെ അവിടെവച്ച് നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തു. നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണി മുഴക്കി പിന്നീട് പല തവണ വനിത ഡോക്‌ടറെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്‌തു.
പിന്നീട് വനിത ഡോക്‌ടര്‍ ഇയാളുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തു. അതിന് ശേഷം നിഷാം ബാബു ഡോക്‌ടറുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376(ബലാത്സംഗം), ഐടി നിയമത്തിലെ 67എ(ലൈംഗികത പ്രകടമാക്കുന്ന മെറ്റീരിയലുകള്‍ ഇലക്‌ട്രോണിക് രൂപത്തിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിഷാം ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.