കോഴിക്കോട് : ആദിവാസികളുടെ മനസറിഞ്ഞ എഴുത്തുകാരി പി വത്സല (85) അന്തരിച്ചു (Malayalam Novelist P Valsala passes away). ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം (renowned writer P Valsala dies). കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. അക്ഷരങ്ങളെതേടി എന്ന കൃതിക്കായിരുന്നു അംഗീകാരം.
2021 ൽ എഴുത്തച്ഛൻ പുരസ്‌കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികളും പി വത്സലക്ക് ലഭിച്ചിട്ടുണ്ട് (P Valsala Awards). വെള്ളിയാഴ്‌ച വൈകിട്ട് നാലിന് വെസ്റ്റ്‌ഹിൽ ശ്‌മശാനത്തിലാണ് സംസ്‌കാരം. അന്നേദിവസം രാവിലെ മുതൽ 12 മണി വരെ വെള്ളിമാട്‌കുന്നിലെ വീട്ടിലും 12 മുതൽ മൂന്ന് മണി വരെ കോഴിക്കോട് ടൗൺഹാളിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് 5 ന് ടൗൺഹാളിൽ അനുശോചന യോഗവും ചേരും.
നെല്ല്, എന്‍റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് വത്സലയുടെ പ്രശസ്‌തമായ കൃതികൾ (books by P Valsala). നെല്ല് ആണ് ആദ്യ നോവൽ. ഈ കഥ പിന്നീട് എസ് എൽ പുരം സദാനന്ദന്‍റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി.
കോഴിക്കോട് ഗവൺമെന്‍റ് ട്രെയിനിങ് കോളജ് പ്രധാന അധ്യാപികയായിരുന്നു പി വത്സല. 1993 ലാണ് കോഴിക്കോട് ഗവൺമെന്‍റ് ട്രെയിനിങ് കോളജ് പ്രധാന അധ്യാപിക സ്ഥാനത്ത് നിന്നും അവര്‍ വിരമിച്ചത്. ശേഷം സാഹിത്യ ലോകത്ത് കൂടുതൽ സജീവമായ വത്സല കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ എന്ന നിലയിലും മികവ് തെളിയിച്ചു (P Valsala early life).
ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ വത്സല സമ്പന്നമാക്കി. വയനാടിൻ്റെ കഥാകാരിയെന്നാണ് പി വത്സല അറിയപ്പെട്ടിരുന്നത്. വയനാട് തിരുനെല്ലിയിൽ വത്സലയ്ക്ക് സ്വന്തമായൊരു വീടുണ്ട്.
കാളിന്ദിപ്പുഴയും വയലും കാടുമെല്ലാം അതിരിടുന്ന കൂമൻ കൊല്ലിയിലാണ് ആ വീട്. വയനാടും വിശേഷിച്ച് തിരുനെല്ലിയും വത്സലയുടെ സാഹിത്യ ഭാവനകളിൽ മിഴിവോടെ തെളിഞ്ഞ് വന്നിട്ടുണ്ട്. നെല്ലും ആഗ്നേയവും കൂമൻ കൊല്ലിയുമെല്ലാം പിറവിയെടുത്തതിൽ തിരുനെല്ലിയുടെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സ്വാധീനത്തിൻ്റെ അടയാളങ്ങൾ പതിഞ്ഞ് കിടക്കുന്നുണ്ട്. വയനാടിൻ്റെ ജീവിതത്തെയും പ്രകൃതിയേയും സാമൂഹ്യ രാഷ്ട്രീയ സ്‌പന്ദനങ്ങളെയും സർഗാത്മകതയുടെ ഉറവ വറ്റാത്ത ഭാഷയിൽ മലയാളത്തിന് സമ്മാനിച്ച പ്രിയപ്പെട്ട എഴുത്തുകാരി യാത്രയാവുകയാണ്.