കോഴിക്കോട് : വനിതാദിനത്തിൽ മെയ്‌ക്കോവര്‍ ഫോട്ടോ ഷൂട്ടുമായി ഒരു കൂട്ടം സ്ത്രീകള്‍. ചരിത്രത്തിൽ ഇടംനേടിയ ധീര വനിതകളായാണ് ഇവർ രൂപമാറ്റം നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശത്തെ സ്ത്രീ കൂട്ടായ്മയായ ജ്വാലയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.
ഝാൻസി റാണി, സീത, കണ്ണകി, ശകുന്തള, ഇന്ദുലേഖ, വൈശാലി തുടങ്ങി പത്തോളം ധീരവനികളായുള്ള രൂപമാറ്റം വ്യത്യസ്തമായ കാഴ്‌ചാനുഭവമായി. മോഡലിങ്ങിന്‍റെയും നൃത്തകലയുടെയും ബാലപാഠങ്ങൾ സമന്വയിപ്പിച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ അരങ്ങിലും അണിയറയിലുമായി പത്തോളം പേര്‍ പങ്കാളികളായി.
ആത്മധൈര്യവും, തന്ത്രജ്ഞതയും ഉപയോഗിച്ച് പ്രതികൂല സാഹചര്യങ്ങളിൽ വിജയം നേടിയ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം ഫോട്ടോ ഷൂട്ടിലൂടെ പുനരാവിഷ്കരിക്കുമ്പോൾ ലഭിച്ച ആത്മവിശ്വാസം ഏറെയാണെന്ന് ഇവർ പറയുന്നു.
സിനിമാതാരങ്ങൾക്കും, സെലിബ്രിറ്റികൾക്കും, മോഡലുകൾക്കും, മാത്രമല്ല സാധാരണക്കാര്‍ക്കും ഇത്തരം ഫോട്ടോഷൂട്ടുകളില്‍ പങ്കാളികളാകാമെന്ന് വനിതാദിനത്തിൽ തെളിയിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ.
also read: ചാലിയാറിന്‍റെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് സുഹ്‌റാബി; ഇത് 'പെണ്ണുമ്മ'യുടെ മനസ്ഥൈര്യത്തിന്‍റെ കഥ
കലാഭിരുചി ഉണ്ടായിട്ടും പരീശീലനത്തിന് സാഹചര്യം ലഭിക്കാത്തവരുടെയും കൂട്ടായ്മയാണ് ജ്വാല. ചേലേമ്പ്ര, രാമനാട്ടുകര, പുതുക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വനിതകളാണ് സംഘത്തിലുള്ളത്. ലോക്ക് ഡൗണിൻ്റെ വിരസതയിൽ നിന്നാണ് ഇങ്ങനെയൊരു കൂട്ടായ്മ ഉടലെടുത്തത്.