കോഴിക്കോട്: മാവൂർ മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥി യൂണിയന്‍റെ ആഭിമുഖ്യത്തിൽ ബസ് ജീവനക്കാർക്ക് എതിരെ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. സ്റ്റോപ്പില്‍ നിർത്താത്ത ബസ് ജീവനക്കാർക്ക് മധുര വിതരണം നടത്തിയായിരുന്നു പ്രതിഷേധം. ബസുകളിൽ വിദ്യാർഥികളെ കയറ്റാത്തതും ബസുകൾ സ്റ്റോപ്പില്‍ നിർത്താത്തതും സംബന്ധിച്ച വിഷയം വിദ്യാർഥികൾ പ്രിൻസിപ്പാളിനെ ധരിപ്പിക്കുകയും മാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റോപ്പ് പരിസരത്ത് ഹോം ഗാർഡിനെ നിയോഗിച്ചിരുന്നു. തുടർന്ന് സ്റ്റോപ്പിൽ ബസ് കൃത്യമായി നിർത്തുകയും വിദ്യാർഥികളെ ബസിൽ കയറ്റുകയും ചെയ്യുമായിരുന്നു. എന്നാൽ, അടുത്തിടെയായി ഹോം ഗാർഡിന്‍റെ സേവനം ഇല്ലാത്തതിനാൽ പല ബസുകളും സ്റ്റോപ്പിൽ നിർത്താതെയായി.
ഇതോടെയാണ് വിദ്യാർഥികൾ പ്രതിഷേധത്തിനിറങ്ങിയത്. വൈകിട്ട് മഹ്ളറ ബസ് സ്റ്റോപ് വഴി വന്ന മുഴുവൻ ബസുകാർക്കും വിദ്യാർഥികൾ ലഡ്ഡു വിതരണം ചെയ്യുകയും കയ്യടിയോടെ ബസുകാരെ വരവേൽക്കുകയുമായിരുന്നു.