കോഴിക്കോട്: പൗരത്വ ഭേഗതി നിയമവുമായി ബന്ധപ്പെട്ടുള്ള സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരേ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം ബിജെപിക്കില്ലെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നത് വ്യക്തിപരമായ നിലപാടെന്നും അത് പാര്‍ട്ടി നിലപാടായി കാണരുടെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു.
സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യബുദ്ധി ഇല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്കില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തിരിച്ചുള്ള വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കൂടി വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മനസ് ഉണ്ടാകണമെന്നും എം.ടി രമേശ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ സന്ദീപ്‌വാര്യര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നായിരുന്നു സന്ദീപ്‌വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.