കോഴിക്കോട്: കോടികൾ വിലയുള്ള കഞ്ചാവുമായി യുവാവ് പിടിയില്‍. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തിരൂർ സ്വദേശി പ്രദീപ് കുമാർ (42) പിടിയിലായത്. ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി ഇരുപത് കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്.
ആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പൊലീസ് നിരീക്ഷണം ശക്തമായതിനെതുടർന്ന് കഞ്ചാവ് വൻതോതിൽ മറ്റൊരു രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സിന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.