കോഴിക്കോട്: ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കല്ലാച്ചിയിലെയും നാദാപുരത്തെയും വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി പൊലീസ്. സ്ഥാപന ഉടമ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ലാച്ചിയില്‍ സംസ്ഥാന പാതയില്‍ സിവില്‍ സ്റ്റേഷന്‍ റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹാപ്പി വെഡിങ്, നാദാപുരം പൂച്ചാക്കൂല്‍ റോഡിലെ അല്‍ മസാക്കിന്‍ ഷോപ്പിങ് മാള്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് പൊലീസ് നടപടി.
ഹാപ്പി വെഡിങ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് കടിയങ്ങാട് സ്വദേശി താനിയോട്ട് മീത്തല്‍ മുഹമ്മദ് റയീസ് (22), കോടഞ്ചേരി സ്വദേശി പുത്തന്‍പുരയില്‍ മുബായിസ് (19), തൂണേരി പുത്തലത്ത് സഫാദ് (22), നാദാപുരം ചാമക്കാലില്‍ അല്‍ത്താഫ് (20), കടമേരി തയ്യില്‍ നിസ്സാം (22), ബാലുശ്ശേരി എരമംഗലം ആക്കൂല്‍ ഷമീം (20), കടിയങ്ങാട് വലിയ പറമ്പില്‍ അസ്സറുദ്ദീന്‍ (22), പാതിരപ്പറ്റ മീത്തലെ പുതിയോട്ടില്‍ ആദം (22), പാലേരി ടൗണ്‍ വാതുക്കല്‍ പറമ്പത്ത് ഹാരിസ് (38), നരിപ്പറ്റ പാണ്ടിത്തറേമ്മല്‍ നജീബ് (35) എന്നിവര്‍ക്കെതിരെയാണ് നടപടി.
read more: കൊവിഡ് പ്രതിരോധം: പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍
അല്‍ മസാക്കിന്‍ ഷോപ്പിങ് മാളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ചെറുമോത്ത് സ്വദേശി ഹക്കിം ഇരുമ്പന്‍റവിടെ (21), പുറമേരി സ്വദേശി മനയത്ത് താഴെ കുനിയില്‍ സക്കീർ (30), ചേലക്കാട് സ്വദേശി ഷുഹൈല്‍ (25),നാദാപുരം സ്വദേശി ചീളിയില്‍ ഷഫാദ് (21), ചേലക്കാട് സ്വദേശികളായ പുളിങ്കോട് അല്‍ഫാസ് (26), മോച്ചാംവീട്ടില്‍ മുഹമ്മദ് അസ്ലം (20) എന്നിവർക്കെതിരെയുമാണ് കേസെടുത്തത്.
read more: തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
സ്ഥാപനത്തിന്‍റെ പിന്‍ ഭാഗത്തെ ചുമര്‍ തുരന്ന് വഴി ഉണ്ടാക്കിയാണ് ആളുകളെ കടത്തി വിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ട പൊലീസ് കടയിലെത്തിയപ്പോള്‍ ജീവനക്കാര്‍ മാത്രമാണ് ഉള്ളതെന്നും മറ്റാരും ഇല്ലെന്നുമായിരുന്നു കടയുടമയുടെ പ്രതികരണം. സംശയത്തെ തുടര്‍ന്ന് കടയുടെ മുകള്‍ ഭാഗത്തെ നിലകളില്‍ പരിശോധന നടത്തിയപ്പോഴാണ് സ്ത്രീകളും,കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കാണുന്നത്. തുടര്‍ന്ന് കടയിലെത്തിവരുടെ മേല്‍വിലാസം രേഖപ്പെടുത്തിയ ശേഷം പുറത്തേക്കിറക്കുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നാദാപുരം സി.ഐ എന്‍.കെ സത്യനാഥന്‍ പഞ്ചായത്തിന് നോട്ടീസയച്ചു. നാദാപുരം എസ്.ഐ രാംജിത്ത് പി. ഗോപി, അഡി എസ്.ഐ അശോകന്‍ മാലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം ലോക്ക് ഡൗണ്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നാദാപുരം പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞ് കിടക്കുമ്പോള്‍ വന്‍കിട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് പ്രധാന ആരോപണം.