കോഴിക്കോട്: ഐ.എൻ.എല്ലിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫ്. ചൊവ്വാഴ്‌ച (15.03.22) നടക്കുന്ന ഇടത് മുന്നണി യോഗത്തിലേക്ക് ഇതുവരെ ഐ.എന്‍.എല്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല. യോഗത്തിൽ നിന്ന് പാര്‍ട്ടിയെ മാറ്റിനിർത്താനാണ് സാധ്യത. രണ്ടായി നിന്നാൽ മുന്നണിക്ക് പുറത്ത് പോകേണ്ടി വരുമെന്ന് എല്‍ഡിഎഫ് ഒന്നിലേറെ തവണ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ടാകാം മുന്നണി യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് എ.പി അബ്‌ദുൽ വഹാബിന്‍റെ നിലപാട്.
എന്നാല്‍ മുന്നണി യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതോടെ അഹമ്മദ് ദേവർ കോവിലിന്‍റെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടുമെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ മന്ത്രിസ്ഥാനം പിൻവലിക്കാൻ സമ്മർദം ചെലുത്തുമെന്ന് പറഞ്ഞിരുന്ന അബ്‌ദുൽ വഹാബ് ആ നീക്കത്തിൽ നിന്ന് പിന്നീട് പിന്മാറിയിരുന്നു. അത്തരമൊരു നീക്കം നടത്താതെ തന്നെ മന്ത്രിയെ പിൻവലിക്കാൻ ഇടത് മുന്നണി തീരുമാണിക്കുമെന്നാണ് എ.പി. അബ്‌ദുൽ വഹാബിന്‍റെ കണക്ക് കൂട്ടൽ.
കൊച്ചി നഗരത്തിൽ തമ്മിൽ തല്ലിയതിന് പിന്നാലെ ഒന്നായ വഹാബ് - കാസിം ഇരിക്കൂർ പക്ഷങ്ങൾ ബോർഡ് കോർപ്പറേഷൻ സ്ഥാനത്തെ ചൊല്ലിയാണ് വീണ്ടും രണ്ടായത്. ഇടത് മുന്നണി നൽകിയ സീതാറാം സ്‌പിന്നിങ് മിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പാര്‍ട്ടിയുടെ പിളർപ്പ് പൂർണമാക്കിയിരുന്നു.
സിപിഎമ്മിനും താൽപര്യമുള്ള എൻ.കെ. അബ്‌ദുല്‍ അസീസിനെയാണ് വഹാബ് പക്ഷം ചെയർമാൻ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഇത് ഒരു തരത്തിലും അംഗീകരിക്കാൻ മറുപക്ഷം തയ്യാറായില്ല. ഐ.എൻ.എൽ രൂപീകരിച്ച് 25 വർഷം പിന്നിട്ടപ്പോഴാണ് പാർട്ടിക്ക് ഇടതു മുന്നണിയിൽ പ്രവേശനം ലഭിച്ചത്. രണ്ടര വർഷത്തേക്ക് ലഭിച്ച മന്ത്രി സ്ഥാനം ഒരു വർഷം പിന്നിടുമ്പോള്‍ ആ കസേര തന്നെ തെറിക്കുന്ന അവസ്ഥയിലാണ്.
Also Read: ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ടവരോട് അനുരഞ്ജനത്തിനില്ലെന്ന് അഹമ്മദ് ദേവര്‍ കോവില്‍