കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും(എൽ.ജെ.ഡി) ജനതാദൾ എസും(ജെ.ഡി.എസ്) ലയിക്കും. കോഴിക്കോട് നടന്ന എൽജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ലയന സമ്മേളനം ഉടനുണ്ടാവുമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു.
ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു, ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കമില്ലെന്നും ശ്രേയാംസ് കുമാർ അറിയിച്ചു. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണമുണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. വർഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
കെ.പി മോഹനൻ യോഗത്തിന് എത്തിയില്ല. എന്നാൽ ഇക്കാര്യങ്ങൾ ധരിപ്പിച്ചുവെന്നും അദ്ദേഹത്തിന് അനുകൂല നിലപാടാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. കോഴിക്കോട് നടന്ന എൽജെഡിയുടെ നിർണായക സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സോഷ്യലിസ്റ്റ് പാർട്ടികളുമായുള്ള ലയനം സംബന്ധിച്ച് എൽ.ജെ.ഡി. നിയോഗിച്ച ഏഴംഗ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് എൽ.ജെ.ഡി – ജെ.ഡി.എസ്. ലയനം.