കോഴിക്കോട്: കേരളത്തിലെ തോട്ടം മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും വരവ് ചെലവ് കണക്ക് ഒരു തരത്തിലും പൊരുത്തപ്പെട്ട് പോകുന്നില്ലെന്നും തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വയനാട്ടിലെ ചില തോട്ടങ്ങളിൽ കൂലി കിട്ടാൻ വേണ്ടി തൊഴിലാളികൾ തന്നെ തേയില ഏറ്റെടുത്ത് വിൽക്കേണ്ട സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജനുവരി 21 ന് കൊച്ചിയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്‍റ് എംപ്ലോയ്മെന്‍റിന്‍റെ നേതൃത്വത്തിൽ ശിൽപ്പശാല നടത്തുമെന്നും മന്ത്രി അറിയിച്ചു. മേഖലയെ പുനുരുജ്ജീവിപ്പിച്ച് തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാവുന്ന നയത്തിന് ഊന്നൽ നൽകിയാവും ശിൽപ്പശാല നടക്കുക. തോട്ടം തൊഴിലാളികളുടെയും ഉടമകളുടെയും മേഖലയിലെ വിദഗ്‌ധരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാവും നയം രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.