കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മറ്റൊരു അന്തേവാസി കൂടി രക്ഷപ്പെട്ടു. കൊലപാതകക്കേസിലെ പ്രതി 23 കാരനായ വിനീഷിനെ ഇന്ന് (15.08.2022) രാവിലെയാണ് സെല്ലിൽ നിന്ന് കാണാതായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാനടപടികൾ ശക്തമാക്കിയതായി അധികൃതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു അന്തേവാസി കൂടി കടന്നുകളയുന്നത്.
വിവാഹാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശി ദൃശ്യയെ (21) കഴിഞ്ഞ ജൂണിലാണ് വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓഗസ്‌റ്റ് 12 വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽവച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
മുമ്പ് അന്തേവാസി രക്ഷപ്പെട്ട സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി രമേശനെ സുരക്ഷാവീഴ്ച ആരോപിച്ച് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധത്തെ തുടർന്ന് ഇയാളെ തിരിച്ചെടുത്തു.
ക്രിമിനൽ കേസുകളിലെ പ്രതികൾ ഉൾപ്പടെ നിരവധി തടവുകാർ ഇതിനോടകം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ ഒരു അന്തേവാസി ആശുപത്രിയിൽ നിന്ന് ഇരുചക്രവാഹനത്തിൽ രാത്രിയിൽ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേന്ന് കാലത്ത് സ്വന്തം നാട്ടിലേക്ക് പോകുന്നതിനിടയിൽ ഇയാള്‍ റോഡപകടത്തിൽ മരിച്ചു. ഇതിനുമുമ്പ്, ഈ വർഷം മാർച്ചിൽ തന്നെ വ്യത്യസ്‌ത സംഭവങ്ങളിലായി ഒരു ആണും പെണ്ണും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
പിന്നീട് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവന്നു. മാത്രമല്ല, ഫെബ്രുവരിയിൽ മഹാരാഷ്‌ട്ര സ്വദേശിയായ ഒരു വനിതാ അന്തേവാസി സഹതടവുകാരിയുടെ മര്‍ദനത്തില്‍ മരിച്ച സംഭവവും കേന്ദ്രത്തില്‍ നടന്നിരുന്നു.