കോഴിക്കോട് : പൊലീസ് സ്റ്റേഷനുകളെല്ലാം ജനമൈത്രിയായി പൊതുജന സേവനം ചെയ്യുമ്പോൾ കോഴിക്കോട് കുന്ദമംഗലത്തെ ജനമൈത്രി പൊലീസ് സ്റ്റേഷൻ പക്ഷികൾക്ക് കൂടി തണലാവുകയാണ് (Bulbul in Kunnamangalam Janamaithri police station yard). ഇരട്ട തലച്ചി ബുൾബുൾ ഇനത്തിൽപ്പെട്ട പക്ഷികളാണ് പൊലീസ് സ്റ്റേഷന്‍റെ നടുമുറ്റത്ത് കൂടൊരുക്കി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഒരു മാസം മുമ്പാണ് പക്ഷികള്‍ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലെ ചെടിയില്‍ കൂടൊരുക്കിയത്.
ആദ്യം ഒന്നും പൊലീസിന്‍റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിരുന്നില്ല. സ്റ്റേഷനു മുന്നിലെ പാറാവുകാരനെ കബളിപ്പിച്ച് പക്ഷികൾ അകത്തുകടന്നത് പൊലീസ് അറിഞ്ഞിരുന്നില്ല. നടുമുറ്റത്തെ ചെടിക്ക് മുകളിൽ കൂടൊരുക്കിയതോടെയാണ് പുതിയ അതിഥികള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍ പതിഞ്ഞത്.
ആദ്യമൊക്കെ പക്ഷികള്‍ക്ക് ഭയമായിരുന്നു. പിന്നീട് ഇവര്‍ പൊലീസുകാരുമായി അടുത്ത ചങ്ങാത്തത്തിലായി. കൂടിനുള്ളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടിയുണ്ട് ഇപ്പോള്‍. അവയ്‌ക്കുള്ള തീറ്റ നല്‍കുന്നതും പൊലീസുകാര്‍ തന്നെ. ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഭക്ഷണം കയ്യില്‍ നിന്ന് കൊത്തിയെടുത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പക്ഷികളുടെ കാഴ്‌ച മനസിനെ കുളിരണിയിക്കും.
40 ഓളം പൊലീസുകാരുണ്ട് കുന്ദമംഗലം സ്റ്റേഷനിൽ. മാനസിക പിരിമുറുക്കമുള്ള തങ്ങളുടെ ജോലിക്കിടയിൽ വലിയ സന്തോഷം പകരുന്നതാണ് ഈ കുഞ്ഞ് അതിഥികളെന്ന് പൊലീസുകാര്‍ പറയുന്നു. സ്റ്റേഷനിലെ ഇൻസ്പെക്‌ടർ എസ് ശ്രീകുമാറിനോടും എസ് ഐ അഭിലാഷിനോടും മറ്റ് പൊലീസുകാരോട് എല്ലാം വലിയ ഇണക്കമാണ് രണ്ട് പക്ഷികൾക്കും.