കോഴിക്കോട്: അവർ ഒരിക്കല്‍ കൂടി എത്തി. വർഷങ്ങൾക്ക് ശേഷം...മുടി രണ്ടു വശത്തേക്കും പിന്നിയിട്ട് യൂണിഫോമണിഞ്ഞ് തൂക്കുപാത്രത്തിൽ ഭക്ഷണവുമായി... പക്ഷേ അവർക്കു മുന്നേ സ്‌കൂൾ ഒരുങ്ങിയിരുന്നു. പഴയ കളിക്കൂട്ടുകാരെ സ്വീകരിക്കാൻ...
കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ട സംഘത്തിലെ അംഗങ്ങളാണ് ഒരിക്കല്‍ കൂടി പഴയ സ്‌കൂൾ ഓർമകളുമായി ചാത്തമംഗലം ആർ.ഇ.സി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്. രാവിലെ പതിവുപോലെ സ്‌കൂൾ അസംബ്ലി, ശേഷം എല്ലാവരും ചേർന്ന് പ്രാർത്ഥനയും പ്രതിജ്ഞയും ചൊല്ലി. പിന്നെ നേരെ ക്ലാസിലേക്ക്...ക്ലാസ് ടീച്ചർ എത്തുമ്പോൾ പഴയകാലത്തെ ഓർമകൾ മാത്രമല്ല, പാട്ടും കളികളും കുറുമ്പും എല്ലാം ചേർന്ന് ശരിക്കും പഴയ ആ ക്ലാസ് മുറി തന്നെ...
ഇടവേളയ്ക്ക് ബെല്ലടിച്ചപ്പോൾ സ്‌കൂൾ മുറ്റത്ത് വീണ്ടും പാട്ടുത്സവം. കുറുക്കനും കോഴിയും കളിച്ച് കക്കുകളിച്ച് തല്ലിപ്പിരിഞ്ഞ്, മക്കളും കൊച്ചുമക്കളും ഒക്കെയുള്ളവർ ഈ ദിവസം ആഘോഷമാക്കി. വൈകിട്ട് സ്‌കൂൾ വിട്ട് പിരിയുമ്പോഴോക്കും ചിലരൊക്കെ ശരിക്കും കുട്ടികളായി. തിരിമുറിയാതെ പെയ്‌ത ഇടവപ്പാതിക്കാലവും ഓണാവധിയും ക്രിസ്‌മസ് പരീക്ഷയും ക്ലാസ് മുറിയോട് വിടപറയുന്ന വർഷാന്ത്യ പരീക്ഷയും കഴിഞ്ഞ് ജീവിതത്തിന്‍റെ പാഠ പുസ്‌തകങ്ങൾ തേടിപ്പോയവർക്ക് ഇത് എന്നുമൊരു നനുത്ത ഓർമയാകും എന്നും...
'തിരികെ സ്കൂളിലേക്ക്': സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീ മിഷൻ നടപ്പിലാക്കിയ 'തിരികെ സ്‌കൂളിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ട സംഘം ചാത്തമംഗലം ആർ.ഇ.സി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളില്‍ പരിപാടി നടത്തിയത്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനം മുഴുവൻ ഈ പരിപാടി നടത്തുന്നുണ്ട്. സ്‌കൂൾ അസംബ്ലി മാതൃകയില്‍ തുടങ്ങുന്ന പരിപാടയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ വിവിധ ക്ലാസുകൾ നടക്കും.
സാമ്പത്തിക ഞെരുക്കങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരും ഭര്‍ത്താവിനും മക്കള്‍ക്കുമായി ജീവിതം മാറ്റിവെയ്ക്കേണ്ടി വന്നവരുമാണ് പദ്ധതിയുടെ ഭാഗമായവരില്‍ ഭൂരിഭാഗവും. ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച വിദ്യാഭ്യാസം പൊടിതട്ടിയെടുക്കാന്‍ ആഗ്രഹിച്ചവരാണ്. സ്‌കൂള്‍ പ്രവേശനോത്സവം പോലെ കുടുംബശ്രീ പ്രവേശനോത്സവം നടത്തിയാണ് രണ്ടാമതും സ്‌കൂളിലെത്തിയ കുടുംബശ്രീ 'കുട്ടികളെ' മിക്കയിടങ്ങളിലും സ്വീകരിച്ചത്.
കുടുംബശ്രീ ത്രിതല സംഘടന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കാമ്പയിൻ നടപ്പിലാക്കുന്നത്. കുടുംബശ്രീ സ്ത്രീകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സ്ത്രീപദവി ഉയർത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.
also read: 'മഴപ്പൊലിമ', മണ്ണറിഞ്ഞ് മനസറിഞ്ഞ് ആടിപ്പാടി വലിയപറമ്പ് ഗ്രാമം