കോഴിക്കോട്: ജൈവ കൃഷിയിലും ഔഷധ സസ്യ കൃഷിയിലും വിജയം നേടി നാദാപുരം സ്വദേശി കെ.ടി.കെ നജ്‌ല. കാര്‍ഷിക വൃത്തിയെന്നാല്‍ വെറും വാക്കല്ല പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടുള്ള ജീവിത സഞ്ചാരമാണെന്നാണ് നജ്‌ല പറയുന്നത്. ജീവിതശൈലി രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധം കൃഷിയാണെന്നും സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിൽ നജ്‌ല പറയുന്നു. തനിക്കും കുടുംബത്തിനും ആവശ്യമായ മുഴുവന്‍ പച്ചക്കറികളും കൃഷി ചെയ്‌തുകൊണ്ടാണ് നജ്‌ല കാർഷിക രംഗത്തേക്ക് പ്രവേശിച്ചത്. ഇപ്പോള്‍ നാടിനാകെ മാതൃകയാണിവര്‍.
ജൈവ കൃഷി രീതി മാത്രം പിന്തുടരുന്ന ഇവരുടെ പറമ്പ് നിറയെ വിവിധയിനം വിളകളാണ്. വീട്ടിൻ്റെ ടെറസ് പോലും പച്ചക്കറികള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പച്ചക്കറിക്ക് പുറമേ ഡ്രാഗണ്‍, റമ്പുട്ടാന്‍, ചിക്കു തുടങ്ങിയ പഴവര്‍ഗങ്ങളും കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യകൃഷിയിലും നജ്‌ല നേട്ടം കൈവരിച്ചിട്ടുണ്ട്. നജ്‌ലയുടെ പിതാവും വ്യവസായിയുമായ പിതാവ് കെ.ടി.കെ ഖാലിദും നജ്‌മക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
വീട്ടിലെ മാലിന്യങ്ങള്‍ ബയോപോട് രീതിയിലൂടെ കംപോസ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന പട്ടാള പറവ എന്ന ലാര്‍വ വീട്ടിലെ കോഴികള്‍ക്കും, മീനുകള്‍ക്കും തീറ്റയായി നൽകുകയും ചെയ്യുന്നു. കൃഷിഭവനുമായി ചേര്‍ന്ന് `ആത്മ'കോഴിക്കോട് നടത്തിയ ജൈവ ഗൃഹം പരിപാടിക്ക് വേദി ഒരുക്കിയത് നജ്‌ലയുടെ വീടാണ്. മേഖലയിൽ സംഘ കൃഷിക്ക് നേതൃത്വം നല്‍കിയതും നജ്‌ലയായിരുന്നു. വരും തലമുറയുടെ ആരോഗ്യം കണക്കിലെടുത്ത് മണ്ണിനെ മനസിലാക്കിയ കൃഷിരീതിയാണ് തുടരേണ്ടതെന്ന് നജ്‌ല പറയുന്നു.