കോഴിക്കോട്: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി .വി മുഹമ്മദലിയടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് മണ്ഡലം കമ്മിറ്റിയിലെ മുപ്പതോളം പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും സംസ്ഥാന പാത ഉപരോധിക്കുകയുമായിരുന്നു.
ഉപരോധ സമരം സംസ്ഥാന സെക്രട്ടറി വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തെ തുടർന്ന് നാദാപുരം - തലശ്ശേരി റൂട്ടിൽ വാഹനഗതാഗതം നിലച്ചു .നാദാപുരം സിഐ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ നേതാക്കളടക്കമുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. മണ്ഡലം പ്രസിഡൻ്റ് എം .കെ സമീർ , സെക്രട്ടറി ഇ .ഹാരിസ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.