കോഴിക്കോട് : മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്നത് ഇസ്രയേല്‍ അനൂകൂല സമ്മേളനമാണോയെന്ന ചോദ്യവുമായി മുന്‍ മന്ത്രി കെടി ജലീല്‍. പരിപാടിക്കെത്തിയ ശശി തരൂര്‍ എംപി ഹമാസിന്‍റേത് ഭീകരപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചതാണ് കാരണം. തരൂര്‍ എന്തുകൊണ്ട് ഇസ്രയേലിനെ ഭീകരരെന്ന് വിളിച്ചില്ലെന്നും ചോദ്യം (KT Jaleej Against Shashi Tharoor).
പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായെന്നും കെടി ജലീല്‍. പലസ്‌തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് നടുങ്ങിയ ജനതയോടാണ് തരൂരിന്‍റെ വിശദീകരണമെന്നും കെടി ജലീല്‍ കുറ്റപ്പെടുത്തല്‍. ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ലെന്നും ജലീല്‍ പറഞ്ഞു (IUML Rally For Palestine).
കെടി ജലീലിന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:
കോഴിക്കോട്ട് നടന്നത് ഇസ്രായേൽ അനുകൂല സമ്മേളനമോ?
പലസ്‌തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യ പ്രഭാഷകൻ ശശി തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രായേൽ അനുകൂല സമ്മേളനമാണതെന്നാണ് ആർക്കും തോന്നുക!
മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രായേലിൻ്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിയ്‌ക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും).
അന്ത്യനാൾ വരെ ലീഗിൻ്റെ ഈ ചതി പലസ്‌തീനിൻ്റെ മക്കൾ പൊറുക്കില്ല. പലസ്‌തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ "ഇസ്രായേൽ മാല'' പാടിയത്.
സമസ്‌തയ്‌ക്ക് മുന്നിൽ 'ശക്തി' തെളിയിക്കാൻ ലീഗ് നടത്തിയ പലസ്‌തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ലീഗ് ഒരുക്കി കൊടുത്ത സദസിനോട് ശശി തരൂർ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിങ്ങായി കൊടുത്തിരിക്കുന്നത്.
പലസ്‌തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവർ.
വിമര്‍ശനവുമായി എം സ്വരാജും: കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്‍റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പിന്നാലെ ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് എം സ്വരാജും രംഗത്തെത്തി. ലീഗിന്‍റെ ചെലവില്‍ തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യമാണ് നടത്തിയതെന്നും കുറ്റപ്പെടുത്തല്‍. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര സംഘടനയാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് കഴിയുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.