കോഴിക്കോട്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ രക്ഷിച്ച കെഎസ്ആർടിസി ജീവനക്കാർക്കും സഹയാത്രക്കാര്‍ക്കും അഭിനന്ദന പ്രവാഹം. ജൂലൈ 5 നാണ് സംഭവം നടന്നത്. മാനന്തവാടിയിൽ നിന്ന് കുറ്റ്യാടി വഴി കോഴിക്കോട്ടേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. തലക്കുളത്തൂര്‍ എത്തിയപ്പോൾ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി കുഴഞ്ഞ് വീണു.
ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതോടെ ബസിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക യാത്രക്കാരന് പ്രഥമ ശുശ്രൂഷ നൽകി. ഇയാളെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക എന്ന ദൗത്യം കണ്ടക്ടർ പ്രദീപ് സിയും ഡ്രൈവർ രമേശ് എം.ടിയും ഏറ്റെടുത്തു. ജീവനക്കാര്‍ക്കൊപ്പം യാത്രക്കാരും ഒറ്റക്കെട്ടായി ജീവൻ രക്ഷിക്കാൻ ഒപ്പം നിന്നു.
ഇതോടെ റൂട്ട് മാറ്റിയ ബസ് ബൈപാസ് വഴി ആശുപത്രിയിലേക്ക് കുതിച്ചു. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ പൂർണ്ണ പിന്തുണ നൽകിയെന്ന് ജീവനക്കാര്‍ പറഞ്ഞു. കൃത്യ സമയത്ത് വൈദ്യ സഹായം നല്‍കാന്‍ സാധിച്ചതോടെ യാത്രക്കാരൻ ആരോഗ്യം വീണ്ടെടുത്തു. നിരവധി ആളുകളാണ് സമയോചിത ഇടപെടല്‍ കൊണ്ട് ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെയും യാത്രക്കാരെയും അഭിനന്ദിക്കുന്നത്.
Also Read: കാമുകനുമായി തര്‍ക്കിച്ച് ആത്മഹത്യ ചെയ്യാൻ നദിയില്‍ ചാടി; യുവതിയെ രക്ഷിച്ച് പൊലീസ്