കോഴിക്കോട്: മോട്ടോർ തകരാറിലായതുമൂലം തൊട്ടിൽ പാലം കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളം കിട്ടാതായിട്ട് നാല് ദിവസം. മോട്ടോർ നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ അധികൃതർ തയ്യാറാകാത്തത് ജീവനക്കാരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. ഇതോടെ ജീവനക്കാർക്ക് സമീപത്തെ വീടുകളിലെ ശുചിമുറികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഗ്യാരേജ് തൊഴിലാളികളാകട്ടെ കൈ കഴുകുന്നതിനും മറ്റും സമീപത്തെ പുഴയെയാണ് ആശ്രയിക്കുന്നത്. ഡിപ്പോയിൽ ദിവസേന അമ്പതിലധികം സർവീസ് നടത്തുന്നുണ്ട്. കൊവിഡായതിനാൽ ബസുകൾ ദിവസേന കഴുകി വൃത്തിയാക്കാറുണ്ടെങ്കിലും വെള്ളം മുടങ്ങിയതുമൂലം ഇത് സാധിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. യാത്രക്കാർക്കുള്ള ശുചിമുറികളിൽ വെള്ളം എത്തിക്കാറുണ്ടെന്നും തകരാറിലായ മോട്ടോർ ഉടൻ ശരിയാക്കുമെന്നും അധികൃതർ പറഞ്ഞു.