കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ വിമര്‍ശിച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി. തന്‍റെ പേരില്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തരുതെന്നും മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ആണ് അംഗീകരിക്കേണ്ടതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെപി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടു നല്‍കിയ ഇടതുമുന്നണി തീരുമാനത്തിനെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി അഭ്യര്‍ഥിച്ചു.
ഇത്തരം പ്രചരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുംദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും കുഞ്ഞമ്മദ് കുട്ടി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സിപിഎം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും കുഞ്ഞമ്മദ് കുട്ടി ഓര്‍മ്മിപ്പിച്ചു.
സിപിഎമ്മിലും സ്ഥാനാര്‍ഥി തര്‍ക്കമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം, എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റികളാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാര്‍ഥികളെയും തീരുമാനിക്കുന്നത്. അതനുസരിച്ച് കുറ്റ്യാടി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനും 2016ല്‍ ഇടതിന് നഷ്‌ടപ്പെട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഓരോ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍റെയും അനുഭാവികളുടെയും കടമയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും തുടര്‍ച്ചയുണ്ടാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായേ മതിയാകൂവെന്ന രാഷ്‌ട്രീയ ബോധ്യത്തോടെ കുറ്റ്യാടി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.