കോഴിക്കോട്: സാധാരണക്കാരന് തുണയായി ജനകീയ ഹോട്ടലുകൾ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നാടാകെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ സാധാരണക്കാർക്ക് തുണയാകുകയാണ്. 20 രൂപക്ക് ലഭിക്കുന്ന ഉച്ചയൂണിനും ആവശ്യക്കാരേറെയാണ്. കുടുംബശ്രീകളുടെ കീഴിലാണ് ഇത്തരം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.
നിലവിൽ കൊവിഡ് ഡി.സി.സികൾക്കും സി.എഫ്.എൽ.ടി.സികൾക്കും അടക്കം ഉച്ചയൂണ് വിതരണം ചെയ്യുന്നത് ഇത്തരം ഹോട്ടലുകളിൽ നിന്നാണ്. ലോക്ക്ഡൗണിനെ തുടർന്ന് പലർക്കും ജോലി ഇല്ലാതായതോടെ ക്വാർട്ടേഴ്സുകളിലും വാടക മുറികളിലും താമസിക്കുന്നവരടക്കം വിശപ്പ് മാറ്റാൻ ഇവിടെയാണ് ആശ്രയിക്കുന്നത്.
പ്രവർത്തനം തുടങ്ങിയതുമുതൽ ഹോട്ടലുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കച്ചവട സ്ഥാപനങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെയും ജീവനക്കാരും ബസ് തൊഴിലാളികളും മറ്റും ജനകീയ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ ചെലവിൽ രുചിയുള്ള ഊണ് ലഭിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത. മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ബസ് സ്റ്റാൻഡിന് പിന്നിലായി പ്രവർത്തിക്കുന്ന കൂട്ടായ്മ ജനകീയ ഹോട്ടൽ സാധാരണക്കാരന്‍റെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു.
ALSO READ: തലശ്ശേരിക്കാർക്ക് ആശ്വാസമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ