കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ വിളക്കുകാൽ പരിപാലനം നാല് വർഷത്തേക്ക് കൂടി കരാർ നീട്ടി നൽകാനുള്ള തീരുമാനം നഗരസഭ കൗൺസിൽ പാസാക്കി. 22 വോട്ടുകൾനെതിരെ 44 വോട്ടുകൾക്കാണ് പഴയ കമ്പനിക്ക് കരാർ നീട്ടി നൽകിയത്. പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോട് കൂടിയാണ് വിഷയം പാസാക്കിയത്. ബീച്ച് ഓപ്പൺ സ്റ്റേജ് മുതൽ ബീച്ച് ഹോട്ടൽ വരെ വിളക്കുകാൽ സ്ഥാപിച്ച് പരിപാലിക്കുന്നതിനുള്ള കരാർ നീട്ടി നൽകാൻ ടൗൺഹാളിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമായത്.
വിളക്കുകാലിൽ 60 പരസ്യബോർഡുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയതെന്നു 60 എണ്ണത്തിന്‍റെ പണമടച്ച് നൂറെണ്ണം സ്ഥാപിച്ചെന്നും അത് നിർദിഷ്ട വലിപ്പത്തിലും കൂടുതൽ ആയിരുന്നുവെന്നും കോൺഗ്രസിലെ അഡ്വ.പി.എം നിയാസ് പറഞ്ഞു. കൂടുതലായി സ്ഥാപിച്ച ബോർഡുകൾക്ക് പണമടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്കാണ് നൽകിയതെന്നും ഇത്തരം കമ്പനിക്ക് കൂടുതൽ അവസരം നൽകേണ്ടതില്ലെന്നുമായിരുന്നു അദേഹത്തിന്‍റെ വാദം. വാദങ്ങൾക്കൊടുവിൽ പ്രദേശങ്ങളിൽ കൃത്യമായി വെളിച്ചം ലഭിക്കുന്നുണ്ടെന്നും നല്ല രീതിയിൽ നടത്തിക്കൊണ്ടു പോയാൽ കരാർ നീട്ടി നൽകാൻ വകുപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി വിഷയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു.