കോഴിക്കോട്: വിവാദങ്ങളെ തുടർന്ന് നിര്‍ത്തിവച്ച ക്ഷേത്രപിരിവ് പുന:സ്ഥാപിച്ച് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ്. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് സേനാംഗങ്ങളില്‍ നിന്നും എല്ലാ മാസവും സംഭാവന പിരിച്ചെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും റിക്കവറി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ ഇന്നേക്ക് (24/07/23) മുമ്പായി സമര്‍പ്പിക്കണമെന്നുമാണ് സര്‍ക്കുലറിലുള്ളത്.
സംഭവം ഇങ്ങനെ: നഗരമധ്യത്തിൽ മാനാഞ്ചിറയ്ക്ക് സമീപമുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം വര്‍ഷങ്ങളായി പരിപാലിക്കുന്നത് കോഴിക്കോട് സിറ്റി പൊലീസിന്‍റെ നേതൃത്വത്തിലാണ്. ക്ഷേത്ര പരിപാലത്തിനായി കോഴിക്കോട് ജില്ലയിലെ 2200 പൊലീസുകാരില്‍ നിന്നും 20 രൂപ ഈടാക്കുമ്പോള്‍ 5,28,000 രൂപയാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. നിസാരമായ തുകയായതിനാല്‍ ആരും പരസ്യവിമര്‍ശനത്തിന് തയാറായിരുന്നില്ല.
അസംതൃപ്‌തി പുറത്തായി: ക്ഷേത്ര പരിപാലനത്തിനായി പൊലീസുകാരില്‍ നിന്ന് പണം പിരിക്കുന്നതില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്‌തിയിലാണ്. സോഷ്യല്‍ മീഡിയയിലും സര്‍ക്കുലറിനെ ചൊല്ലി വലിയ പ്രതിഷേധമുയരുന്നുണ്ട്. ശമ്പളത്തില്‍ നിന്നും പിരിവ് നടത്തുന്നതില്‍ തീരുമാനമെടുക്കേണ്ടത് ക്ഷേത്ര കമ്മിറ്റിയല്ലെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ വാദം.
നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതിലൂടെ വിശ്വസിയാണോ അല്ലയോ എന്നെല്ലാം വെളിപ്പെടുത്തേണ്ടതായി വരും. സംഭാവന നല്‍കാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ ബോധപൂര്‍വം സേനയ്ക്കുള്ളില്‍ വിഭാഗീയത സൃഷ്‌ടിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊതു അഭിപ്രായം. ഇത് സ്വകാര്യതക്കെതിരാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പൊലീസുകാര്‍ പറയുന്നു.
തുടക്കം 'പൊങ്കാല'യെ ചൊല്ലിയുള്ള പൊങ്കാല: ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ദിനോത്സവത്തിന്‍റെ ഭാഗമായുള്ള പൊങ്കാലയായി ബന്ധപ്പെട്ടും സേനയ്ക്കുള്ളിൽ എതിർപ്പുയർന്നിരുന്നു. സേനാംഗങ്ങളുടെ മതനിരപേക്ഷ സ്വഭാവത്തിനെതിരാണ് പൊങ്കാലയെന്നായിരുന്നു ഉയര്‍ന്ന വിമർശനം. അന്ന് പൊലീസ് കമ്മിഷണറും ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റുമായ രാജ് പാൽ മീണ, ക്ഷേത്രം ഭരണസമതി സെക്രട്ടറിയായ അസിസ്‌റ്റന്‍റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ എന്നിവർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പൊങ്കാല നടത്താൻ തീരുമാനമാവുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിപ്പ് ചെലവിലേക്ക് താൽപര്യമുള്ള സേനാംഗങ്ങളിൽ നിന്ന് പണം പിരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. ഇത് ശമ്പള റിക്കവറിയായി ഈടാക്കാനും നിർദേശമുണ്ടായി.
മാത്രമല്ല ഇതിന് പുറമേ ഉത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽ നിന്ന് ഇരുപത് രൂപ വീതം പിരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തിരക്കേറിയ മുതലക്കുളത്തും പരിസരത്തും പൊങ്കാല നടത്താനുള്ള തീരമാനം ഗതാഗത പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സേനാംഗങ്ങൾ യോഗത്തെ അറിയിച്ചിരുന്നു. ഗതാഗത പ്രശ്‌നങ്ങൾക്ക് പൊലീസ് തന്നെ വഴിയൊരുക്കരുക്കണമോ എന്നതായിരുന്നു ചോദ്യം.
അതേസമയം മുൻ വർഷങ്ങളിൽ ഒരു ആചാരമായി നടത്തിയ പൊങ്കാല അത്തവണയും വിപുലമായി നടത്താനായിരുന്നു കോഴിക്കോട് സിറ്റി പൊലീസിന്‍റെ തീരുമാനം. പൊലീസുകാർക്കും കുടുംബത്തിൽപ്പെട്ടവർക്കും നേർച്ചയായി പൊങ്കാലയിടാമെന്നും ഇതിനുപുറമേ പുറത്തുനിന്നുള്ളവർക്കും പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുമെന്നും അന്ന് അറിയിച്ചിരുന്നു.