കോഴിക്കോട്: കൊവിഡ് പരിശോധന ശക്തമാക്കി പൊലിസ്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്ഥരെയും ഗ്രാമീണ മേഖലയിൽ 300 പേരെയുമാണ് വിന്യസിച്ചിരിക്കുന്നത്.
കൂടാതെ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി നാലു പേരടങ്ങുന്ന സ്‌ക്വാഡും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് നിയമങ്ങൾ പാലിക്കാത്തതിന്‍റെ പേരില്‍ നഗര പരിധിയില്‍ 998 കടകള്‍ പരിശോധിച്ചതില്‍ 19 കടകള്‍ അടപ്പിച്ചു. ഏഴ് കടകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Also read: സംസ്ഥാനത്ത് മഴ ശക്തമാകും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
5918 വാഹനങ്ങള്‍ പരിശോധിക്കുകയും ഇതില്‍ 121 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നാല് വാഹനങ്ങള്‍ക്കെതിരെ കൊവിഡ് നിയമങ്ങൾ പാലിക്കാത്തതിന്‍റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം തന്നെ നിയമ ലംഘനത്തിന് 484 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്‍റെയും പേരില്‍ നഗര പരിധിയില്‍ 46 കേസുകളും ഗ്രാമീണ മേഖലകളിൽ 66 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ നഗര പരിധിയില്‍ 253 കേസുകളും റൂറലില്‍ 119 കേസുകളുമെടുത്തു.